
കുന്നംകുളം: ഈസ്റ്ററിന് മുന്നോടിയായി കുന്നംകുളം പൊലീസും കുന്നംകുളം എക്‌സൈസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ കുന്നംകുളത്ത് വൻ ലഹരി വേട്ട. കുന്നംകുളം സി.ഐ വി.സി. സൂരജിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കുന്നംകുളം അടുപ്പുട്ടിക്കുന്നിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ചാരായവും കഞ്ചാവും ഹാൻസും ചാരായം നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന വാഷും പിടികൂടി. സംഭവത്തിൽ കുന്നംകുളം അടുപുട്ടിക്കുന്ന് ശാന്തിനഗറിൽ കണ്ടികളത്തിൽ വീട്ടിൽ വിൻസി (39) യെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ചാരായം നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 350 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും കഞ്ചാവും ഹാൻസും പിടിച്ചെടുത്തു. സമഗ്ര പരിശോധനയിൽ വീടിനുമുകളിൽ ചാരായം വാറ്റാന്നതിനായി സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വെള്ളത്തിന്റെ ടാങ്കിലും ഡ്രമ്മിലുമായി സൂക്ഷിച്ചിരുന്ന വാഷും ചാരായവും പൊലീസ് കണ്ടെത്തി. 550 ലിറ്ററോളം വാഷ് സംഭവസ്ഥലത്തുതന്നെ പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥർ ചേർന്ന് ഒഴുക്കി കളഞ്ഞ് നശിപ്പിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ, കുന്നംകുളം അഡീഷണൽ എസ്.ഐ ഷക്കീർ അഹമ്മദ്, സിവിൽ പൊലീസ് ഓഫീസർമാരായ ജോൺസൺ, ഹംദ്, ശ്യാം, രവി, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.