kk

ലോകത്ത് അംബരചുംബികളെ കുറിച്ച് പറയുമ്പോൾ ആദ്യം പറയുന്ന പേരാണ് ദുബായിലെ ബുർജ്ലീ ഖലീഫ. ഇത് കൂടാതെ നിരവധി വിസ്‌മയ നിർമ്മിതികൾ യു.എ.ഇയിലുണ്ട്. ഇപ്പോൾ ലോകത്തെ ഏറ്റവും മെലിഞ്ഞ കെട്ടിടം പൂർത്തിയായത് പക്ഷേ ദുബായിലല്ല. ന്യൂയോർക്കിലെ മൻഹാട്ടനിലാണ് സ്റ്റീൻവേ ടവർ എന്ന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്നത്. 111 വെസ്റ്റ് 57ത് സ്ട്രീറ്റ് എന്നും ഇതിന് വിളിപ്പേരുണ്ട്.1428 അടി ഉയരമുള്ള കെട്ടിടത്തിൽ 84 നിലകളാണുള്ളത്. വീതി ആകട്ടെ 17.5 മീറ്റർ മാത്രം. ഉയരവും വീതിയും തമ്മിലുള്ള അനുപാതം 24:1 ആണ്.

ഉയരത്തിന്റെ കാര്യത്തിലും ന്യൂയോർക്കിൽ മൂന്നാം സ്ഥാനത്താണ് സ്റ്റീൻവേ ടവർ. വൺ വേൾഡ് ട്രേഡ് സെന്ററും, സെൻട്രൽ പാർക്ക് ടവറുമാണ് ഉയരത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർ.

Aerial of Steinway Tower (111 West 57th Street) in Midtown Manhattan, New York City.
.
.
.#newyork #newyorkcity #skyscraper #newyoker #nyc #architecture #manhattan #cityscape #cityview #cityscapephotography #skyline #urbanphotography pic.twitter.com/DHf8CCepfG

— The Tower Info (@TheTowerInfo) March 15, 2021

2013 ലാണ് മിഡ്ടൗൺ മൻഹാട്ടനിൽ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർക്കിടെക്ചർ കമ്പനിയായ ഷോപ്പ് ആർക്കിടെക്റ്റാണ് കെട്ടിടത്തിന്റെ രൂപകല്പന നിർവഹിച്ചത്. ജെ.ഡി.എസ് ഡെവലപ്മെന്റ്, പ്രോപ്പർട്ടി മാർക്കറ്റ്സ് ഗ്രൂപ്പ്, സ്പ്രൂസ് ക്യാപിറ്റൽ പാർട്ണേഴ്സ് എന്നിവർക്കായിരുന്നു നിർമ്മാണ ചുമതല. ടവറിന്റെ 84 നിലകളിലുമായി ആകെ 60 അപ്പാർട്ട്മെന്റുകളാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളുടെ പ്രാരംഭ വില 7. 75 മില്യൺ ഡോളറാണ് (58 കോടി രൂപ).

kk

4500 ചതുരശ്രഅടി വിസ്തീർണത്തിൽ മൂന്നു കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്റുകളും കെട്ടിടത്തിലുണ്ട്. മൂന്നു നിലകളിലായാണ് ഏറ്റവും മുകളിൽ പെന്റ് ഹൗസ് ഒരുക്കിയിരിക്കുന്നത്. ഈ ഭാഗത്ത് താരതമ്യേന വീതി കുറവാണ്. 66 മില്യൻ ഡോളറാണ് (501 കോടി രൂപ) പെന്റ്ഹൗസിന്റെ വില. ദിശയും പ്രകാശത്തിന്റെ വിന്യാസവും മാറുന്നതനുസരിച്ച് വ്യത്യസ്ത നിറത്തിൽ കാണപ്പെടുന്ന ടെറാക്കോട്ട ബ്ലോക്കുകളും ഗ്ലാസിൽ നിർമ്മിച്ച ഭിത്തികളും സ്റ്റീൻവേ ടവറിന്റെ ഫസാഡിന്റെ പ്രത്യേകതകളാണ്. വിശാലമായ സ്വിമ്മിംഗ്‌പൂൾ, പ്രൈവറ്റ് ഡൈനിംഗ് റൂം, ഇരട്ടി ഉയരത്തിലുള്ള ഫിറ്റ്‌നെസ് സെന്റർ, ടെറസ് എന്നീ സൗകര്യങ്ങളും ടവറിൽ ഒരുക്കിയിട്ടുണ്ട്.