sandeep

പാലക്കാട്: സിപിഎം പോളി‌റ്റ്‌ ബ്യൂറോയിൽ ദളിത് പ്രവേശനത്തിന് സോഷ്യൽ മീഡിയ വേണ്ടിവന്നെന്ന് പരിഹാസവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. 1936 നവംബർ 12ന് ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചതോടെ ക്ഷേത്രങ്ങളിൽ ദളിതർക്ക് പ്രവേശനമായി. രാജ്യത്തെ രാഷ്‌ട്രപതി മുതൽ നിർണായകമായ സ്ഥാനങ്ങളിലെല്ലാം ദളിത് പ്രാതിനിദ്ധ്യമായെന്നും എന്നാൽ സിപിഎം പോളി‌റ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിദ്ധ്യമാകാൻ 2022ൽ സോഷ്യൽ മീഡിയ വേണ്ടിവന്നെന്നാണ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ സന്ദീപ് വാര്യർ വിമർശിച്ചത്.

ഇഎം‌എസിന് നേരെ രൂക്ഷ വിമർശനമുന്നയിച്ച അദ്ദേഹം ഇന്ത്യയിലെ അവശേഷിക്കുന്ന ഏക സവർ‌ണ ബ്രാഹ്‌മണിക്കൽ പാർട്ടിയായ സിപിഎമ്മിൽ ദളിത് പ്രവേശനം നടന്നതായും ഇതിന് പിന്നിൽ പ്രവർത്തിച്ച സോഷ്യൽ മീഡിയയിലെ സംഘ പ്രവർത്തകർക്ക് അഭിമാനിക്കാമെന്നും അദ്ദേഹം കുറിച്ചു.

സന്ദീപ് വാര്യറുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

1936 നവംബർ 12 നു ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ മഹാരാജ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ അവർണ്ണർക്ക് ക്ഷേത്ര പ്രവേശനം സാധ്യമാക്കി .
സ്വതന്ത്ര ഇന്ത്യയിലെ ഒട്ടു മിക്ക താക്കോൽ സ്ഥാനങ്ങളിലും ദളിത് പ്രാതിനിധ്യം വന്നു . രാഷ്ട്രപതി , ഉപരാഷ്ട്രപതി , സുപ്രീം കോടതി ചീഫ് ജസ്റ്റിസ് , മുഖ്യമന്ത്രിമാർ അങ്ങനെ രാജ്യത്തെ നിർണായക സ്ഥാനങ്ങളിലൊക്കെ ദളിത് പ്രാതിനിധ്യം ഉണ്ടായി .
2022 ൽ സോഷ്യൽ മീഡിയയുടെ ശക്തി വേണ്ടി വന്നു സിപിഎം പിബിയിൽ ദളിത് പ്രവേശനം നടക്കാൻ . എന്നിട്ടും ഇപ്പോഴും നാട്ടിൻ പുറങ്ങളിലെ പൊതുയോഗങ്ങളിൽ ഉളുപ്പില്ലാതെ സഖാക്കൾ പ്രസംഗിക്കുന്നത് 'ദളിതരെ അമ്പലത്തിൽ കയറ്റിയത് ഞങ്ങളാണെന്നാണ് ' .
സിപിഎമ്മിൽ സ്ഥാനങ്ങൾ കിട്ടാൻ ജാതിയും മതവും ഘടകമല്ല എന്ന് മാത്രം ന്യായീകരിക്കരുത് . ഇ എം എസ് 'നമ്പൂതിരിപ്പാട്' ആയതുകൊണ്ട് മാത്രമാണ് അദ്ദേഹം എഴുതിയ ചവറുകളൊക്കെ വിശ്വസാഹിത്യമായി നിങ്ങൾ കൊണ്ടാടുന്നതും സഖാക്കൾ പോലും വായിക്കാറില്ലെങ്കിലും ഗ്രാമീണ വായനശാലകളിൽ അടിച്ചേല്പിക്കുന്നതും . ഇഎംഎസിന് ലഭിച്ച മുഖ്യമന്ത്രി പദം പോലും ബ്രാഹ്മണ്യത്തിന് ലഭിച്ച അംഗീകാരമായിരുന്നു . നമ്പൂതിരി സമുദായത്തിലെ സാമൂഹ്യപരിഷ്‌കരണം പൂർത്തിയായി എന്ന് പ്രഖ്യാപിച്ച് യോഗക്ഷേമ സഭയിൽ നിന്ന് പുറത്ത് വന്ന ശേഷം ഇഎംഎസ് വിവാഹം ചെയ്തത് കേരളം കണ്ട ഏറ്റവും വലിയ സ്ത്രീധനത്തുക കൈപ്പറ്റിയായിരുന്നു എന്നത് വേറെ കാര്യം .
അങ്ങനെ ഇന്ത്യയിലെ അവശേഷിക്കുന്ന ഏക സവർണ ബ്രാഹ്മണിക്കൽ പാർട്ടിയായ സിപിഎമ്മിൽ ആദ്യമായി ദളിത് പ്രവേശനം നടന്നിരിക്കുന്നു . ഇതിന് വഴിയൊരുക്കിയ പ്രചാരണം സംഘടിപ്പിച്ച സോഷ്യൽ മീഡിയയിലെ സംഘികൾക്ക് അഭിമാനിക്കാവുന്ന ദിനം .