
കൊച്ചി: മരണമടഞ്ഞ മുതിർന്ന സി പി എം നേതാവും മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായ എം സി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറും. സി പി എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ജോസഫൈന്റെ ആഗ്രഹപ്രകാരം തന്നെയാണ് മൃതദേഹം കൈമാറുന്നത്. സി പി എം പാർട്ടി കോൺഗ്രസിനിടയ്ക്ക് ഹൃദയാഘാതം മൂലം കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിക്കും. അതിനുശേഷം വിലാപയാത്രയായി മൃതദേഹം കൊച്ചി അങ്കമാലിയിലെ വീട്ടിൽ എത്തിക്കുമെന്ന് അറിയിച്ചു. മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം നാളെ രാവിലെ എട്ട് മണിയോടെ സിഎസ്‌ഐ ഓഡിറ്റോറിയത്തിലേക്ക് മാറ്റും. ഉച്ചക്ക് ഒരു മണിയോടെ വിലാപയാത്രയായി മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറും.
മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ പദവികൾ വഹിച്ചു. അങ്കമാലി നഗരസഭാ മുൻ കൗൺസിലറായിരുന്നു.
ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പരാജയപ്പെട്ടു. 1989 ൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു. 2011ൽ കൊച്ചി നിയമഭാ മണ്ഡലത്തിലും മത്സരിച്ചു. 2016 ൽ മട്ടാഞ്ചേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ജോസഫൈന്റെ നിര്യാണത്തിൽ പാർട്ടി കോൺഗ്രസ് അനുശോചിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്.
1948 ൽ മുരിക്കുംപാടം മാപ്പിളശേരി ചവര - മഗ്ദലേന ദമ്പതികളുടെ മകളായിട്ടാണ് ജോസഫൈൻ ജനിച്ചത്. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭർത്താവ്. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന. പേരക്കുട്ടികൾ: മാനവ് വ്യാസ്, കണ്ണകി വ്യാസ്.