kk

തിരുവനന്തപുരം∙ സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഭീഷണിപ്പെടുത്തിയെന്ന് കെ.വി. തോമസ് ആരോപിച്ചു. അതിനാലാണ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതെന്ന് തോമസ് വ്യക്തമാക്കി. എന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്നൊന്നും കരുതേണ്ട. നടപടിയെടുക്കേണ്ടത് ഇവിടെയല്ല, കോണ്‍ഗ്രസ് പ്രസിഡന്റാണെന്നും കെ.വി. തോമസ് തിരുവനന്തപുരത്ത് പറഞ്ഞു.

കെ.സുധാകരന്‍ കോണ്‍ഗ്രസുകാരനായത് ഇപ്പോഴാണ്. സെമിനാറിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും കെ.വി. തോമസ് വ്യക്തമാക്കി. ‘ഈ വിഷയത്തിൽ പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞതാണ്. കോൺഗ്രസിന്റെ പാരമ്പര്യമനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. സെമിനാറില്‍ പങ്കെടുത്തതുകൊണ്ട് അങ്ങനെയല്ലാതാവുന്നില്ല. കെ.റെയിലിന് കൈപൊക്കിയ ആളല്ല ഞാന്‍. എന്നാല്‍ അന്ധമായി ഒന്നിനേയും എതിര്‍ക്കാന്‍ പാടില്ല. ഭരിക്കുന്നത് ആരെന്ന് നോക്കി വികസനത്തെ തടയുന്നത് ശരിയല്ലെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി.

അതേസമയം സെമിനാറില്‍ പങ്കെടുത്തതില്‍ കെ.വി. തോമസിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ്. തിങ്കളാഴ്ച നോട്ടീസ് അയച്ച് കെ.വി തോമസിനോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചിട്ടുണ്ട്.