
കാസർകോട്: പെട്രോളിനും ഡീസലിനും വിലവർദ്ധിച്ചതോടെ സംസ്ഥാനത്ത് നിന്നും വാഹനങ്ങൾ അതിർത്തി കടന്ന് കർണാടകയിലെത്തി ഇന്ധനം അടിക്കുന്നു. കാസർകോട് നിന്നുമാണ് ഇത്തരത്തിൽ അയൽസംസ്ഥാനത്തെത്തി ഇന്ധനം അടിക്കുന്നത്. കർണാടകയിലെ മംഗലാപുരത്ത് പെട്രോളിന് കേരളത്തിലെക്കാൾ ആറ് രൂപയുടെ കുറവാണുള്ളത്. ഡീസലിന് ചില സ്ഥലങ്ങളിൽ എട്ട് രൂപയും മറ്റിടങ്ങളിൽ ഒൻപത് രൂപയും വരെ കുറവിൽ ലഭിക്കും. കേരള കർണാടക അതിർത്തിയിലുള്ള മിക്ക പമ്പുകളിലും കേരളത്തിലെയും കർണാടകത്തിലെയും ഇന്ധനവിലകൾ താരതമ്യം ചെയ്തുകൊണ്ടുള്ള ബോർഡുകൾ പതിവാണ്.
ഇന്ധനവിലകയറ്റം രൂക്ഷമായതോടെ കാസർകോടുള്ള പമ്പുകളിൽ കച്ചവടം 25 ശതമാനം മുതൽ 30 ശതമാനം വരെ കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. കാസർകോട് മാത്രമല്ല ഇന്ധനവിലയിൽ കുറവ് വരുന്നത്. കേരളത്തിൽ തന്നെയുള്ള മാഹിയിലും സ്ഥിതി വ്യത്യസ്ഥമല്ല. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമാണ് മാഹി. ഇവിടെ ഡീസൽ കേരളത്തിലെ വിലയേക്കാൾ 10 രൂപയും പെട്രോൾ 11രൂപയും കുറവാണ്.
കർണാടകയിലെ ബി ജെ പി സർക്കാർ കഴിഞ്ഞ വർഷം ഇന്ധനവില ക്രമാതീതമായി വർദ്ധിച്ചപ്പോൾ സംസ്ഥാനത്തിന്റെ ടാക്സ് വിഹിതം വെട്ടികുറച്ചിരുന്നു. അതേസമയം കേരളം ഇതിന് തയ്യാറായതുമില്ല. ഇതിനാലാണ് കേരളത്തിൽ പെട്രോൾ വില ഉയർന്നും കർണാടകയിൽ കുറഞ്ഞും ഇരിക്കുന്നത്. ഇപ്പോൾ കേരളത്തിലേക്ക് വരുന്ന ദീർഘദൂര ലോറികളൊന്നും സംസ്ഥാനത്ത് നിന്ന് ഡീസൽ അടിക്കാറില്ലെന്ന് ഡ്രൈവർമാർ പറയുന്നു. കഴിയുന്നത്രപേരും മംഗലാപുരത്തെ പമ്പുകളിൽ നിന്ന് ഫുൾ ടാങ്ക് പെട്രോൾ അടിച്ചശേഷം മാഹിയിൽ എത്തിയശേഷം വീണ്ടും ടാങ്ക് നിറയ്ക്കുകയാണ് പതിവെന്ന് പെട്രോൾ പമ്പുടമകൾ പറയുന്നു.
കേരളവും കർണാടകയും തമ്മിൽ ഇന്ധനവിലയുടെ കാര്യത്തിൽ വലിയ വ്യത്യാസം ഇല്ലാതിരുന്ന സമയത്ത് കാസർകോടുള്ള മിക്ക പമ്പുകളും ദിവസേന 10,000 ലിറ്റർ ഇന്ധനത്തിന്റെ കച്ചവടമെങ്കിലും കുറഞ്ഞത് നടത്തിയിരുന്നു. എന്നാൽ ഇന്ധനവിലയിൽ ഇത്രയേറെ വ്യത്യാസം വന്നതിന് ശേഷം 2500 ലിറ്റർ മാത്രമാണ് ഓരോ പമ്പിലും ശരാശരി ഇന്ധനം വിറ്റുപോകുന്നത്.