
ദുബായ്: ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെട്ട ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിന് അനുമതി തേടി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. ഐ സി സിയുടെ അംഗത്വരാഷ്ട്രങ്ങളുടെ വാർഷിക പൊതുയോഗത്തിലാണ് റമീസ് രാജ ഇത്തരത്തിലൊരു ആശയം മുന്നോട്ട വച്ചത്. ഇന്ത്യയേയും പാകിസ്ഥാനെയും കൂടാതെ മറ്റ് രണ്ട് രാജ്യങ്ങളും കൂടി പങ്കെടുക്കുന്ന രീതിയിൽ എല്ലാ വർഷവും നടക്കുന്ന രീതിയിൽ ടൂർണമെന്റ് നടത്താനായിരുന്നു റമീസ് രാജയുടെ പദ്ധതി. ഇരു രാഷ്ട്രങ്ങളെയും കൂടാതെ പങ്കെടുക്കുന്ന മറ്റ് രണ്ട് രാജ്യങ്ങളെ ഓരോ വർഷവും മാറ്റാമെന്നും ആതിഥേയ രാജ്യങ്ങളെയും ഓരോ വർഷവും മാറ്റാമെന്നും റമീസ് രാജ അറിയിച്ചിരുന്നു.
5693.81 കോടി രൂപയായിരുന്നു റമീസ് രാജയുടെ കണക്കുകൂട്ടൽ അനുസരിച്ച് ഈ ടൂർമമെന്റിൽ നിന്ന് ലഭിച്ചേക്കാവുന്ന വാർഷിക വരുമാനം. ഈ വരുമാനത്തിന്റെ ഒരു പങ്ക് മറ്റ് അംഗരാജ്യങ്ങളുമായി പങ്കുവയ്ക്കാനും ഒരുക്കമാണെന്ന് റമീസ് രാജ ഐ സി സി യെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ കരകയറ്റുന്ന പദ്ധതിയായാണ് റമീസ് രാജ ഈ ക്രിക്കറ്റ് ടൂർണമെന്റിനെ അവതരിപ്പിച്ചത്.
എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഈ ആശയം ഐ സി സി ഏകകണ്ഠ്യേന തള്ളിക്കളയുകയായിരുന്നു. ഐ സി സിയുടെ നിയമപ്രകാരം അംഗരാജ്യങ്ങൾക്ക് ത്രിരാഷ്ട്ര ടൂർണമെന്റുകൾ മാത്രമേ സംഘടിപ്പിക്കാൻ അനുവാദമുള്ളൂ. ചതുർരാഷ്ട്ര ടൂർണമെന്റുകൾ സംഘടിപ്പിക്കാനുള്ള അവകാശം ഐ സി സിക്കു മാത്രമാണ്. അംഗരാജ്യങ്ങൾ ചതുർരാഷ്ട്ര ടൂർണമെന്റുകൾ സംഘടിപ്പിച്ചാൽ ഐ സി സി ടൂർണമെന്റുകളുടെ പ്രാധാന്യം കുറഞ്ഞുപോകുമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു.
മാത്രമല്ല പാകിസ്ഥാന്റെ ഈ ആശയത്തോട് അനുകൂല നിലപാടായിരുന്നില്ല ഇന്ത്യയുടെ ക്രിക്കറ്റ് ബോർഡായ ബി സി സി യുടെ ഭാഗത്ത് നിന്നുണ്ടായത്. ഇന്ത്യൻ ടീമിന്റെ കലണ്ടറിൽ അടുത്തൊന്നും ഇത്തരത്തിലൊരു ടൂർണമെന്റ് കളിക്കാൻ ഡേറ്റുണ്ടാകില്ലെന്ന നിലപാടാണ് ബി സി സി ഐ അധികൃതർ എടുത്തത്. പാകിസ്ഥാൻ - ഇന്ത്യ ക്രിക്കറ്റ് മത്സരം എന്ന ആശയത്തോട് ബി സി സി ഐ സെക്രട്ടറി ജയ് ഷാ നേരത്തെ തന്നെ പ്രതികൂലമായാണ് സംസാരിച്ചത്.
എന്നാൽ ബി സി സി ഐ അദ്ധ്യക്ഷനായ സൗരവ് ഗാംഗുലി തന്നെപോലെ തന്നെ ക്രിക്കറ്ററണാെന്നും തങ്ങൾക്ക് ഇരുവർക്കും ക്രിക്കറ്റ് എന്നത് രാഷ്ട്രീയമല്ലെന്നും റമീസ് രാജ നേരത്ത പറഞ്ഞിരുന്നു. ഐ സി സിയുടെ വാർഷിക യോഗത്തിൽ താൻ ഗാംഗുലിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും തീരുമാനം അനുകൂലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റമീസ് രാജ മുമ്പ് പറഞ്ഞിരുന്നു.