kk

ലൈംഗിക ചിന്തകൾക്ക് നിയന്ത്രണം ഇല്ലാതിരിക്കുക,​ എപ്പോഴും ലൈംഗികബന്ധത്തിലേർപ്പെടാൻ തോന്നുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടോ. ചിലപ്പോൾ ഇത് സെക്സ് അഡിക്ഷൻ അഥവാ അമിതമായ കാമാസക്തി എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ലൈംഗികതയുടെ കാര്യത്തിൽ എപ്പോഴും ഒരു അമിതോർജം ശരീരത്തിൽ നിലനിൽക്കുന്ന അവസ്ഥയ്ക്കാണ് 'സെക്സ് അഡിക്ഷൻ' എന്ന് പറയുന്നത്. ഈ അവസ്ഥയുള്ള ഒരാൾക്ക് ഏതുനേരവും ഉത്തേജിതനായി ഇരിക്കാനുള്ള പ്രേരണയുണ്ടാവും. ആ ഒരു ആഗ്രഹം, സ്വാഭാവികമായ ഒരു ജീവിതത്തിന് പോലും തടസം സൃഷ്ടിച്ചേക്കാം,​ വേശ്യാവൃത്തിയിലേക്ക് നീങ്ങുക, നിരന്തരം പോൺ സിനിമ കാണുക, അമിതമായി സ്വയംഭോഗം നടത്തുക, നഗ്നതാ പ്രദർശനം നടത്തുക എന്നിവയിലേക്കും ഇത് നയിച്ചേക്കാം.

ഈ അഡിക്ഷൻ ഉള്ളവർ നിരന്തരം സെക്സിൽ ഏർപ്പെട്ടുകൊണ്ടിരിക്കാനായി തങ്ങളുടെ ജീവിത ശൈലിയിൽ വരെ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരാകും. ലൈംഗികമായ അമിതാസക്തി ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വിപരീതമായി ബാധിക്കുകയും ചെയ്യും. അത് അവരുടെ വ്യക്തിജീവിതത്തിലും ജീവിത നിലവാരത്തിലും വരെ ഇടിവുണ്ടാക്കും.

സെക്ഷ്വൽ അഡിക്ഷൻ ഒരാളുടെ ജീവിതത്തിൽ ശാരീരികമായും വൈകാരികമായും ബാധിച്ചേക്കാം. കൃത്യമായ ഒരു ഡയഗ്നോസിസ് നടത്തണമെങ്കിൽ ഒരു പ്രൊഫഷണൽ കൺസൾട്ടേഷൻ തന്നെ വേണ്ടി വന്നേക്കാം സെക്സ് അഡിക്ഷൻ എന്ന അവസ്ഥയിലൂടെ കടന്നു പോവുന്ന ഒരാളുടെ മനസിലേക്ക് തുടർച്ചയായി ലൈംഗിക ചിന്തകൾ വന്നുകൊണ്ടേയിരിക്കും. സെക്സിൽ ഏർപ്പെടാനുള്ള സാഹചര്യങ്ങൾക്കുവേണ്ടി ശ്രമിക്കുക എന്നത് സെക്ഷ്വൽ അഡിക്ഷന്റെ ലക്ഷണമല്ല എങ്കിലും ആ ഒരൊറ്റ കാര്യം ലക്ഷ്യമിട്ടുകൊണ്ട് മണിക്കൂറുകളോളം ചെലവിടുന്നത് അതിലേക്കുള്ള ചൂണ്ടുപലകയാവാം. സെക്സിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാൻ വേണ്ടി, സെക്സിൽ ഏർപ്പെടാൻ വേണ്ടി, സെക്സിന്റെ ക്ഷീണത്തിൽ നിന്ന് കരകയറാൻ വേണ്ടി എല്ലാം തുടർച്ചയായി സമയം ചെലവഴിക്കുന്നതും ഇതിന്റെ ലക്ഷണമാവാം.

സെക്സ് അഡിക്ഷൻ ഉള്ള ഒരാൾക്ക് സെക്സിൽ ഏർപ്പെട്ട ശേഷം കടുത്ത വിഷാദം, കുറ്റബോധം, പശ്ചാത്താപം തുടങ്ങിയവയും ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. ഇക്കാര്യത്തെക്കുറിച്ച് നല്ല തിരിച്ചറിവുണ്ടാവുമെങ്കിലും അത് നിയന്ത്രിക്കാൻ അവർക്ക് സാധിക്കില്ല. ഈ കുറ്റബോധം ഏറി അത് ക്ലിനിക്കൽ ഡിപ്രഷനിലേക്കും, ആത്മഹത്യാപ്രവണതയിലേക്കും വരെ പോവാനിടയുണ്ട്. സെക്സ് അഡിക്ഷൻ ഉള്ള പുരുഷന്മാരിൽ അല്ലാത്തവരുടെ ഇരട്ടിയോളം വിഷാദം കണ്ടുവരുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

വിദ്യാർത്ഥികളിൽ സെക്സ് അഡിക്ഷൻ പഠനത്തിനുള്ള ശ്രദ്ധ കുറയുന്നതിനും മറ്റുള്ളവരുമായി ഇടപെടാനുള്ള താത്പര്യം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇവർ പോൺ സിനിമകൾ കാണാനും, ദിവസത്തിൽ അഞ്ചും ആറും വട്ടം സ്വയംഭോഗത്തിൽ ഏർപ്പെടാനും ശ്രമിക്കും. അത് അവരെ ശാരീരികമായ അവശതയിലേക്കും നയിക്കാം. ഇത്തരത്തിൽ അമിതമായ കാമാസക്തിയുള്ളവർ അത് തീരെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസരത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ നടത്താനും സാധ്യത കൂടുന്നു.

സെക്സ് അഡിക്ഷൻ എന്നത് ചികിൽസിച്ചു മാറ്റാവുന്നതാണ്. ഒരു സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സെക്സ് തെറാപ്പിസ്റ്റ് തുടങ്ങിയ പ്രൊഫഷണലുകളുടെ സഹായത്തോടെ വേണ്ട ചികിത്സ തേടിയാൽ ഇതിൽ നിന്ന് മോചനം നേടാം. വൺ-റ്റു-വൺ തെറാപ്പി, കോഗ്നിറ്റിവ് ബിഹേവിയറൽ തെറാപ്പി, ഐ മൂവ്‌മെന്റ് ഡിസെൻസിറ്റൈസേഷൻ , സൈക്കോ ഡയനാമിക് തെറാപ്പി, ഗ്രൂപ്പ് തെറാപ്പി, സപ്പോർട്ട് ഗ്രൂപ്പുകൾ, കൗൺസലിങ് തുടങ്ങിയ പലതും ചികിത്സാക്രമങ്ങളുടെ ഭാഗമാണ്.