
കിളിമാനൂർ: ഓട്ടോയിൽ വളർത്തുനായയെ കയറ്റുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച ഓട്ടോഡ്രൈവറും സഹോദരനും സുഹൃത്തും അറസ്റ്റിൽ. മടവൂർ നടുവത്തേല ഐക്കരഴികത്ത് വീട്ടിൽ രാഹുലിനെ (24) ആക്രമിച്ച അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവരാണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വളർത്തുനായ്‌ക്കളുടെ ബിസിനസുള്ള രാഹുലും സഹോദരങ്ങളുമായ അഭിജിത്തും ദേവജിത്തും സുഹൃത്തുക്കളായിരുന്നു. രാഹുലിന്റെ വളർത്തുനായ്‌ക്കളെ മൃഗാശുപത്രിയിൽ കൊണ്ടുപോകുന്നതിനായി അഭിജിത്തിന്റെ ഓട്ടോ ആയിരുന്നു സ്ഥിരമായി വിളിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ അഭിജിത്ത് പോകാത്തതിനെച്ചൊല്ലി രാഹുലുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് സീമന്തപുരം മഹാദേവ ക്ഷേത്രോത്സവത്തിന് പോകാൻ തുമ്പോട് ജംഗ്ഷനിലെത്തിയ രാഹുലിനെ യാതൊരു പ്രകോപനവും കൂടാതെ അഭിജിത്തും ദേവജിത്തും അയൽവാസിയായ രതീഷും ചേർന്ന് മർദ്ദിക്കുകയും ദേവജിത്ത് ഷർട്ടിനുള്ളിൽ ഒളിപ്പിച്ചുവച്ചിരുന്ന കമ്പിവടി ഉപയോഗിച്ച് നിരവധി തവണ രാഹുലിന്റെ തലയ്‌ക്ക് ആഞ്ഞടിക്കുകയുമായിരുന്നു.
മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ രാഹുലിനെ പ്രദേശത്തുള്ളവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഒളിവിൽപ്പോയ പ്രതികളെ മൂന്നുപേരെയും ഇന്നലെ പള്ളിക്കൽ സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ സഹിൽ, അനിൽ,സി.പി.ഒമാരായ അജീസ്, രജിത്, മഹേഷ്, രാജിവ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്‌തു.