
ഇസ്ളാമാബാദ്: പാകിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയെ ഇന്ന് തിരഞ്ഞെടുക്കും. പാകിസ്ഥാൻ മുസ്ലീം ലീഗ് നവാസ് വിഭാഗത്തിന്റെ അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടാനാണ് സാദ്ധ്യത.
ഇന്നലെ പ്രതിപക്ഷപാർട്ടികൾ ഒന്നടങ്കം ഷെഹബാസിനെ പ്രധാനമന്ത്രി പദത്തിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐയുടെ 65കാരനായ മുൻ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയാണ് എതിരാളി. ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രിയായാൽ ഉടൻ തന്നെ ദേശീയ അസംബ്ലിയിൽ നിന്ന് മുഴുവൻ എംപിമാരെയും രാജിവയ്‌പിക്കാനാണ് ഇമ്രാൻ ഖാന്റെ ആലോചന.
അതേസമയം പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ അനുകൂലികളുടെ പ്രതിഷേധ പ്രകടനമുണ്ടായി. ഇസ്ലാമാബാദ്, പെഷാവർ,കറാച്ചി, ലാഹോർ അടക്കമുള്ള പന്ത്രണ്ട് നഗരങ്ങളിലാണ് പ്രക്ഷോഭം. ഇമ്രാൻ ഖാനെ പുറത്താക്കിയതിന് പിന്നിൽ അമേരിക്കയാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. സ്ത്രീകളടക്കം ലക്ഷക്കണക്കിന് പേരാണ് രാത്രി തെരുവിലിറങ്ങിയത്.
Never have such crowds come out so spontaneously and in such numbers in our history, rejecting the imported govt led by crooks. pic.twitter.com/YWrvD1u8MM
— Imran Khan (@ImranKhanPTI) April 10, 2022
ശനിയാഴ്ച രാത്രി വൈകിയാണ് പ്രധാനമന്ത്രി ഇമ്രാൻഖാനെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താക്കിയത്. അവിശ്വാസപ്രമേയം അവതരിപ്പിച്ചതും ഇമ്രാനെ പുറത്താക്കിയ നടപടികൾക്ക് നേതൃത്വം നൽകിയതും ഷെഹബാസായിരുന്നു. സംയുക്ത പ്രതിപക്ഷത്തിന് സഭയിൽ 199 പേരുടെ പിന്തുണയുണ്ടെങ്കിലും ഇന്നലെ 174 വോട്ടിനാണ് ഇമ്രാനെ പുറത്താക്കിയത്. 342 അംഗ സഭയിൽ 172 വോട്ടാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.