
തിരുവനന്തപുരം: കരിക്കകം ക്ഷേത്രത്തിലേക്കുള്ള തകർന്ന നടപ്പാതയ്ക്ക് പകരം ലിഫ്റ്റ് ബ്രിഡ്ജ് വരുന്നു. ദേശീയ ജലപാത വികസന പദ്ധതിയുടെ ഭാഗമായാണ് കരിക്കകത്ത് പാർവതി പുത്തനാറിനു കുറുകെ ലിഫ്റ്റ് ബ്രിഡ്‌ജ് നിർമ്മിക്കുന്നത്. ദേശീയ ജലപാത യാഥാർത്ഥ്യമാകുമ്പോൾ ബോട്ടുകൾക്ക് സുഗമമായി സഞ്ചരിക്കാനാണ് ഇത്തരമൊരു ലിഫ്റ്റ് ബ്രിഡ്ജ് പാർവതി പുത്തനാറിന് കുറുകെ നിർമ്മിക്കുന്നത്. ബോട്ടുകൾ വരുമ്പോൾ ഉയർത്താൻ കഴിയുന്നതാണ് ഈ ലിഫ്റ്റ് ബ്രിഡ്ജ്. കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജ് ആണ് കഴക്കൂട്ടത്തിന് സമീപം കരിക്കകത്ത് യാഥാർത്ഥ്യമാവുന്നത്. 2.18 കോടി രൂപ ചെലവഴിച്ചാണ് 4.5 മീറ്റർ വീതിയിൽ ലിഫ്റ്റ് ബ്രിഡ്ജ് നിർമിക്കുന്നത്. 2022 ജനുവരിയിൽ തുടങ്ങിയ പാലംപണി ആഗസ്റ്റിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി (കെൽ) ലിമിറ്റഡ് ആണ് ബ്രിഡ്ജ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ലിഫ്റ്റ് ബ്രിഡ്ജിനോട് ചേർന്ന് ഓപ്പറേറ്റിംഗ് റൂമും 100 കെ.വി ഡിജിറ്റൽ ജനറേറ്റർ സെറ്റും ഉണ്ടായിരിക്കും.
എന്താണ് ലിഫ്‌റ്റ് ബ്രിഡ്‌ജ്
പേരുപോലെ തന്നെ എലിവേറ്റർ മാതൃകയിൽ മുകളിലേക്കും താഴേക്കും സഞ്ചരിക്കുന്ന വിധമാണ് പാലം നിർമ്മിക്കുന്നത്. പാലത്തിനടിയിലൂടെ ജലഗതാഗതം സാദ്ധ്യമാക്കുന്നതിനായി കൗണ്ടർ വെയിറ്റുകളുടെയും കേബിളുകളുടെയും സഹായത്തോടെ ഹൊറിസോണ്ടൽ ആയ ഇന്റീരിയർ ലിഫ്റ്റ് സ്പാനിന്റെ ഭാഗം ഉയർത്തുന്നതാണ് ലിഫ്റ്റ് ബ്രിഡ്ജ് മെക്കാനിസം. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് ബ്രിഡ്ജ് രാമേശ്വരത്താണ്.