
ഇസ്ലാമാബാദ്: പാക് സൈന്യത്തിനെതിരെ മുദ്രാവാക്യം മുഴക്കി ഇമ്രാന്റെ അനുയായികൾ. ഇമ്രാനെ അവിശ്വാസത്തിലൂടെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കാൻ കൂട്ടു നിന്ന സൈന്യം കള്ളന്മാരാണ് എന്ന തരത്തിൽ ചൗക്കീദാർ ചോർ ഹേ (കാവൽക്കാരൻ കള്ളനാണ്) എന്ന മുദ്രാവാക്യം മുഴക്കിയാണ് അവർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
അവിശ്വാസം പാസായ ശേഷം ഇമ്രാന്റെ പാർട്ടിയായ തെഹ്രിക് ഇ ഇൻസാഫ് അനുയായികൾ ഇന്നലെ രാജ്യവ്യാപകമായി റാലികൾ സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിൽ റാവൽപിണ്ടിയിൽ നടന്ന ഒരു റാലിയെ പാകിസ്ഥാൻ മുൻ ആഭ്യന്തര മന്ത്രി ഷെയ്ക് റാഷിദ് അഹമ്മദ് അഭിസംബോദന ചെയ്യുന്നതിനിടെയാണ് മുദ്രാവാക്യം ഉയർന്നത്. എന്നാൽ ഇത്തരം മുദ്രാവാക്യങ്ങൾ ഉയർത്തരുതെന്നും സമാധാനമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
راولپنڈی /10 اپریل
— Sheikh Rashid Ahmed (@ShkhRasheed) April 10, 2022
پنڈی کی عوام کا شکریہ 🇵🇰✌️
عمران خان سے اظہار یکجہتی کے سلسلے میں لال حویلی سے براہ راست عوام کے جام غفیر سے خطاب🇵🇰👇https://t.co/Tc0IG0n2DJ@ImranKhanPTI pic.twitter.com/BG7uYtTOqv
ഒരു മാസത്തിനുള്ളിൽ സാഹചര്യങ്ങൾ മാറി മറിയുമെന്നും ഇമ്രാൻ തന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്നും ഷെയ്ക് റാഷിദ് അഹമ്മദ് റാവൽപിണ്ടിയിൽ നടന്ന റാലിയിൽ പറഞ്ഞു. ഇമ്രാനെതിരെ അവിശ്വാസം പാസാക്കിയ പ്രതിപക്ഷത്തെ കള്ളന്മാരും കൊള്ളക്കാരുമാണ്. നിങ്ങൾക്ക് നിങ്ങളുടെ രാജ്യത്തെ സംരക്ഷിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ തീരുമാനങ്ങൾ രാത്രിയുടെ ഇരുട്ടിലല്ല പകരം പകൽ വെളിച്ചത്തിലാണ് എടുക്കേണ്ടതെന്നും അർദ്ധ രാത്രി നടന്ന അവിശ്വാസത്തെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.
ചൗക്കീദാർ ചോർ ഹേ എന്ന മുദ്രാവാക്യം ആദ്യം ഉപയോഗിച്ചത് ഇന്ത്യയിലെ കോൺഗ്രസാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയ്ക്കും ബിജെപിക്കും എതിരെയാണ് അവർ ഈ മുദ്രാവാക്യം പ്രയോഗിച്ചത്. ഈ വാചകം സുപ്രീം കോടതിക്കെതിരെ തെറ്റായി ഉപയോഗിച്ചതിന് അന്ന് രാഹുൽ ഗാന്ധി കോടതി അലക്ഷ്യ നടപടികൾ നേരിട്ടിരുന്നു. രാഹുൽ നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്ന് കോടതി രാഹുലിനെതിരായ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.