prasad-rajeev

തിരുവല്ല: നെൽ കർഷകന്റെ ആത്മഹത്യ വേദനിപ്പിക്കുന്നതാണെന്ന് കൃഷിമന്ത്രി പി പ്രസാദ്. അടിയന്തര യോഗം ചേരുമെന്നും നഷ്ടപരിഹാരം നൽകുന്നതിനുള്ള കാലതാമസം പരിഹരിക്കുമെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

കൃഷിനാശം ഉണ്ടായാൽ ഉടൻ നഷ്ടപരിഹാരം നൽകാൻ നടപടിയെടുക്കും. ഇതിനായി ഇൻഷുറൻസിന്റെ വ്യവസ്ഥ പുതുക്കും. കർഷകന്റെ ആത്മഹത്യയുടെ കാരണം അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊലീസ് അന്വേഷണവും നടക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃഷി നശിച്ച കർഷകർക്ക് കഴിയുന്നത്ര സഹായം നൽകുമെന്ന് മന്ത്രി അറിയിച്ചു. കീടബാധ കൂടിയതും കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണ്. കാർഷിക മേഖലയുടെ സംരക്ഷണം സർക്കാർ ഉറപ്പാക്കും. ആർക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നെൽ കർഷകനായ തിരുവല്ല നിരണം സ്വദേശി രാജീവാണ് ജീവനൊടുക്കിയത്. രാവിലെ നെൽപ്പാടത്തിന് സമീപമാണ് രാജീവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരുന്നത്.

കൃഷി വെള്ളം കയറി നശിച്ചുവെന്ന് രാജീവിന്റെ അമ്മ ശാന്തമ്മ പറഞ്ഞു. കൃഷി നഷ്ടമായതോടെ മകൻ സമനില തെറ്റിയതുപോലെയായെന്നും അവർ വ്യക്തമാക്കി. ഭർത്താവിന് ബാങ്ക് വായ്‌‌പ ഉണ്ടായിരുന്നുവെന്ന് ഭാര്യ പുഷ്പ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൃഷി നശിച്ചതോടെ കടബാദ്ധ്യതയിലായി. സാമ്പത്തിക പ്രയാസങ്ങൾ താങ്ങാൻ കഴിയാത്തതിനാലാണ് രാജീവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.