
ഇസ്ലാമാബാദ്: മൂന്നു തവണ പാക് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിക്കസേരയിലിരുന്നതിന്റെ കരുത്ത് കൈമുതലാക്കിയാണ് പാകിസ്ഥാൻ മുസ്ലീം ലീഗ് നവാസ് വിഭാഗത്തിന്റെ അദ്ധ്യക്ഷനും പ്രതിപക്ഷനേതാവുമായ ഷെഹബാസ് ഷെരീഫ് പാകിസ്ഥാനെ നയിക്കാനൊരുങ്ങുന്നത്. ഏറ്റവുമധികം കാലം പഞ്ചാബ് മുഖ്യനായെന്ന റെക്കാഡിന് ഉടമയുമാണ്.
70ന്റെ ചുറുചുറുക്കോടെ ഷെഹബാസ് നടത്തിയ കരുനീക്കങ്ങളാണ് പ്രധാനമന്ത്രി ഇമ്രാൻഖാനെ ക്ളീൻബൗൾഡാക്കിയത്. 'അവസാന പന്തും കളിച്ചിട്ടേ അടങ്ങൂ' എന്ന് പ്രഖ്യാപിച്ച ഇമ്രാൻ അധികാരത്തിൽ കടിച്ചുതൂങ്ങാൻ പതിനെട്ടടവും പയറ്റിയെങ്കിലും പട്ടാളത്തിന്റെ പിന്തുണയോടെ പ്രതിപക്ഷം നടത്തിയ അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ ഇമ്രാൻ പുറത്താകുകയായിരുന്നു.
അഴിമതിയും കെടുകാര്യസ്ഥതയും സാമ്പത്തിക മുരടിപ്പും കാരണം തകർന്നടിഞ്ഞ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കരകയറ്റുകയെന്ന വെല്ലുവിളിയാണ് പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്. വിലക്കയറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ, വൻകടബാദ്ധ്യത, ഭീകരത, മുൻ സഖ്യരാജ്യങ്ങളുമായുള്ള ബന്ധത്തിലെ വിള്ളൽ തുടങ്ങിയവയെല്ലാം പുതിയ സർക്കാരിന് തലവേദനയാകും.
അതിനിടെ, ഷെഹ്ബാസ് ഷെരീഫിനും മകൻ ഹംസയ്ക്കുമെതിരായ 1400 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇമ്രാനും കൂട്ടരും ആയുധമാക്കിയിരിക്കയാണ്.
കേസ് അന്വേഷിക്കുന്ന ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ലാഹോർ മേധാവി മുഹമ്മദ് റിസ്വാൻ ഇന്നലെ അനിശ്ചിതകാല അവധിയിൽ പ്രവേശിപ്പിച്ചു. കേസിൽ ഷെഹബാസും മകൻ ഹംസയും ഇന്ന് പ്രത്യേക കോടതിയിൽ ഹാജരാകാനിരിക്കെയാണിത്. 2019 ഡിസംബറിലാണ് ഇരുവരുടെയും പേരിൽ കേസെടുത്തത്. പിന്നാലെ ഇരുവരുടെയും ഉടമസ്ഥതയിലുള്ള 23 സ്വത്തുവകകൾ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ മരവിപ്പിച്ചിരുന്നു. 2020 സെപ്തംബറിൽ എൻ.എ.ബി ഷെഹബാസിനെ അറസ്റ്റ് ചെയ്തു. 2021 ഏപ്രിലിലാണ് ലാഹോർ ഹൈക്കോടതി ഷെഹബാസിന് ജാമ്യം അനുവദിച്ചത്.
പാകിസ്ഥാന്റെ 'നയാ' നായകൻ
മിയാൻ മുഹമ്മദ് ഷെഹബാസ് ഷെരീഫ് എന്നാണ് മുഴുവൻ പേര്
മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരൻ
അഴിമതി കേസിൽ നവാസ് ഷെരീഫ് പുറത്താക്കപ്പെട്ടതോടെ പാകിസ്ഥാൻ മുസ്ലിം ലീഗിന്റെ (നവാസ്) അദ്ധ്യക്ഷനായി
1997, 2008, 2013 കാലയളവിൽ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി. ഏറ്റവുമധികം കാലം പഞ്ചാബ് മുഖ്യമന്ത്രിയായെന്ന റെക്കാഡ്.
1999ൽ പർവേസ് മുഷറഫ് സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയതോടെ രാജ്യം വിട്ടു
എട്ട് വർഷം സൗദി അറേബ്യയിൽ
2007ൽ പാകിസ്ഥാനിൽ തിരിച്ചെത്തി
2008 പൊതുതിരഞ്ഞെടുപ്പിൽ ജയിച്ച് പഞ്ചാബ് മുഖ്യനായി
2018 തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പ്രതിപക്ഷ നേതാവായി.
ഭരണഘടനയ്ക്ക് വേണ്ടി നിലകൊണ്ട എല്ലാവർക്കും നന്ദി. പുതിയ സർക്കാർ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. പ്രതികാര രാഷ്ട്രീയത്തിൽ ഏർപ്പെടില്ല.
-ഷെഹബാസ് ഷെരീഫ്
അറ്റോർണി ജനറൽ രാജിവച്ചു
ഇമ്രാൻ സർക്കാർ വീണതിന് പിന്നാലെ പാക് അറ്റോർണി ജനറൽ ഖാലിദ് ജാവേദ് രാജിവച്ചു. ഉദ്യോഗസ്ഥർ രാജ്യം വിടുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇമ്രാന്റെ അടുത്ത സഹായിയുടെ വീട്ടിൽ ഇന്നലെ റെയ്ഡ് നടത്തി മൊബൈൽഫോണുകളും മറ്റും പിടിച്ചെടുത്തു.
വീണ്ടും സ്വാതന്ത്ര്യസമരം
സർക്കാരിനെ അട്ടിമറിച്ച വിദേശ ഗൂഢാലോചനയ്‌ക്കെതിരായ സ്വാതന്ത്ര്യ സമരം തുടങ്ങിയെന്ന് ഇമ്രാൻ ട്വീറ്റ് ചെയ്തു. അതേസമയം ഇമ്രാൻ ഖാനെയും മന്ത്രിമാരെയും എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ ( പട്ടികയിലുള്ളവർക്ക് രാജ്യം വിട്ടു പോകാനാവില്ല) ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഇസ്ളാമാബാദ് ഹൈക്കോതി പരിഗണിക്കും.