
ഇത് സ്മാർട്ട് ഫോൺ യുഗമാണെന്നതിൽ ആർക്കും തർക്കമില്ല. നാമെല്ലാം ജീവിക്കുന്നത് നമ്മുടെ ഫോണിലാണ്. ഒരുപക്ഷെ നമ്മുടെ പ്രിയപ്പെട്ടവരെക്കാൾ നമ്മെ അടുത്തറിയാവുന്നത് നമ്മുടെ ഫോണിനായിരിക്കും. ഒരാൾ ഉപയോഗിക്കുന്ന ഫോണിലൂടെ അയാളുടെ സ്വഭാവവും വ്യക്തിത്വവും കൃത്യമായി തിരിച്ചറിയാൻ സാധിക്കും. അത് പക്ഷെ അയാൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചായിരിക്കും.
എന്നാലിതാ ഒരാൾ ഉപയോഗിക്കുന്ന ഫോണിന്റെ നിറത്തിലൂടെ അയാളുടെ വ്യക്തിത്വത്തെ കുറിച്ച് മനസ്സിലാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ പഠനങ്ങൾ. സ്മാർട്ട്‌ഫോണിന്റെ നിറം ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്നാണ് പ്രശസ്ത കളർ സൈക്കോളജിസ്റ്റായ മാത്യു തന്റെ ഒരു ബ്ലോഗിലൂടെ വ്യക്തമാക്കുന്നത്. കറുപ്പും വെള്ളയുമാണ് കൂടുതലായി ഉപയോഗിക്കുന്നത് എങ്കിലും ഇന്ന് അത് മാറിയിട്ടുണ്ട്.
1. വെള്ള

വെള്ള നിറമുള്ള ഫോൺ ഉപയോഗിക്കുന്നവർ മിക്കവാറും വൃത്തിയുടെ കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുന്നവരായിരിക്കും. ഏത് കാര്യത്തെക്കുറിച്ചും തുറന്നതും ഉയർന്ന ചിന്തയുള്ളവരുമായിരിക്കും ഇക്കൂട്ടർ. വെളുപ്പ്, ലാളിത്യത്തിന്റെ ചിഹ്നമാണെന്നും ആ നിറം ഉപയോഗിക്കുന്നവരും ലാളിത്യത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരുമായിരിക്കും.
2. കറുപ്പ്

ഏറ്റവും കൂടുതൽ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളും തിരഞ്ഞെടുക്കുന്ന നിറമാണ് കറുപ്പ്. അഴുക്കുകളും മറ്റും പറ്റിയാലും പെട്ടന്ന് തിരിച്ചറിയാത്തതിനാൽ ഏറ്റവും സുരക്ഷിതമായ നിറം എന്നും പലരും ഇതിനെ പറയാറുണ്ട്. സങ്കീർണമായ കാര്യങ്ങളെക്കുറിച്ച് അറിയാൻ താത്പര്യപ്പെടുന്നവരും, പ്രൊഫഷണലുകളുമാണ് കറുപ്പ് നിറത്തിലുള്ള ഫോണുകൾ തിരഞ്ഞെടുക്കുന്നത്. ഇത്തരക്കാർ ഒരേ സമയം അധികാരം ആഗ്രഹിക്കുന്നവരും, സൗന്ദര്യം ആസ്വദിക്കുന്നവരുമായിരിക്കും. മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കണമെന്ന് ആഗ്രഹമില്ലാത്തവരും സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവരുമാണ് കറുപ്പ് നിറത്തിലുള്ള ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർ.
3. നീല

കറുപ്പിന് ശേഷം കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്നത് നീല നിറത്തിലുള്ള സ്മാർട്ട്‌ഫോണാണ്. പ്രൗഡിയുടെ പ്രതീകമാണ് നീല. കറുപ്പ് ഉപയോഗിക്കുന്നവരെപ്പോലെ തന്നെ മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കണമെന്ന് ആഗ്രഹമില്ലാത്തവരും ശാന്ത സ്വഭാവക്കാരുമാണ് നീല നിറത്തിലുള്ള ഫോൺ സ്വന്തമാക്കുന്നത്. ആഴത്തിലുള്ള ചിന്ത, എല്ലാ കാര്യത്തിലും ഏറെ ശ്രദ്ധ, എന്ത് കാര്യം ചെയ്യുന്നതിനു മുമ്പും വളരെ ചിന്തിച്ച ശേഷം മാത്രം പ്രവർത്തിക്കുക എന്നിവ ഇത്തരക്കാരുടെ പ്രത്യേകതയാണ്.
യാഥാസ്ഥിതിക ചിന്തയും, കാര്യക്ഷതയുമുള്ളവരായിരിക്കും സാധാരണയായി നീല നിറത്തിലുള്ള ഫോൺ ഉപയോഗിക്കുന്നത്. മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തരായിരിക്കാൻ ആഗ്രഹിക്കുന്നവർ നീല നിറത്തിലുള്ള ഫോണുകളാണ് സ്വന്തമാക്കുന്നതെന്ന് ബ്ലോഗിൽ പറയുന്നു. സർഗാത്മകമായ കഴിവുകളുണ്ടെങ്കിലും മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നത് ഇഷ്ടപ്പെടാത്തവർ ഇരുണ്ട നീല നിറത്തിലുള്ള ഫോണുകൾ ഉപയോഗിക്കാനായിരിക്കും ഇഷ്ടപ്പെടുക.
4. ചുവപ്പ്

കറുപ്പ്, നീല നിറങ്ങൾ ഉപയോഗിക്കുന്നവരിൽ നിന്ന് വ്യത്യസ്തമായി മറ്റുള്ളർ തങ്ങളെ ശ്രദ്ധിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന നിറമാണ് ചുവപ്പ്. ശാരീരിക ഊർജം, മത്സരസ്വഭാവം, കാമം, ആവേശം, അക്രമണാത്മകത എന്നിവ സൂചിപ്പിക്കുന്ന നിറമാണ് ചുവപ്പ്. മറ്റുള്ളവർ തങ്ങളെ പറ്റി എന്ത് പറയുന്നു എന്നതിന് ചെവി കൊടുക്കാത്തവരാണ് സാധാരണയായി ചുവപ്പ് നിറമുള്ള സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത്.
5. സ്വർണനിറം

സ്വർണ നിറത്തിലുള്ള സ്മാർട്ട്‌ഫോണുകൾ വളരെ വിരളമായിട്ടാണ് കാണപ്പെടാറ്. ആഡംബരത്തിന്റെ പര്യായമാണ് സ്വർണ്ണം. സമ്പന്നർ, പദവി ആഗ്രഹിക്കുന്നവർ, ഭൗതികവാദികൾ എന്നിവരാണ് സാധാരണയായി സ്വർണ നിറമുള്ള ഫോൺ ഉപയോഗിക്കുന്നത്. തന്റെ പദവിയും സമ്പത്തും മറ്റുള്ളവർ കൂടെ അറിയണമെന്ന് ആഗ്രഹിക്കുവരായിരിക്കും ഇവർ. തങ്ങൾ സാമ്പത്തികമായി എത്രത്തോളം വിജയികളാണെന്നും ആഡംബര ജീവിതം നയിക്കുന്നവരാണെന്നും മറ്റുള്ളവർ അറിയണമെന്ന് അതിയായ ആഗ്രഹമുള്ളവരായിരിക്കും സ്വർണ നിറം ഇഷ്ടപ്പെടുന്നവർ.