nessi

കീവ്: റഷ്യ യുക്രെയിൻ ആക്രമണത്തിൽ ജനങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെ കുറിച്ചുള്ള വാർത്തകളാണ് കൂടുതലും പുറത്തുവരുന്നത്. എന്നാൽ മനുഷ്യന്റെ മാത്രമല്ല മൃഗങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. അത്രയേറെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ പലർക്കും തങ്ങളുടെ സ്വയരക്ഷയ്ക്കായി ഉപേക്ഷിക്കേണ്ടിവരുന്നു. ഇതിന്റെ ദു:ഖമുണ്ടെങ്കിലും പലരും നിസഹായരാണ്.

യുക്രെയിനിൽ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് സ്വയരക്ഷയ്ക്കായി പാലായനം ചെയ്യുമ്പോൾ പലരും തങ്ങളുടെ വളർത്തുമൃഗങ്ങളെയും ഒപ്പം കൂട്ടാറുണ്ട്. എന്നാൽ കുറച്ചുപേർക്കെങ്കിലും അവയെ യുക്രെയിനിൽ തന്നെ ഉപേക്ഷിക്കേണ്ടിവരുന്നു. അങ്ങനെ ഉടമയ്ക്കൊപ്പം പോകാൻ കഴിയാതെ യുക്രെയിനിൽ കുടുങ്ങിയ ഒരു നായയാണ് നെസ്സി. ഇനി ഒരിക്കലും തന്റെ ഉടമയ്ക്കരികിൽ എത്താൻ കഴിയില്ലെന്ന് കരുതിയ നെസ്സിയെ തന്റെ പ്രിയപ്പെട്ടവരുടെ അരികിലേയ്ക്ക് തിരിച്ചെത്തിച്ചിരിക്കുകയാണ് സൈന്യം. ഇതിന്റെ ദൃശ്യങ്ങളും സൈന്യം ട്വിറ്റിലൂടെ പങ്കുവച്ചു.

Remember the dog in #Bucha who lost his owner? Good news: he found him! This dog sounds human! #dogsofukraine #StandWithUkraine #ArmUkraineNow pic.twitter.com/wjpRuBxKZD

— olexander scherba🇺🇦 (@olex_scherba) April 5, 2022

ബുച്ചയിൽ രക്ഷാപ്രവർത്തനം നടത്തി മടങ്ങുന്നതിനിടെയാണ് നെസ്സിയെ സൈന്യം കണ്ടത്. നായ തനിച്ചാണെന്ന് മനസിലായതോടെ അവർ അതിനെയും ഒപ്പം കൂട്ടി. ഇതിനു മുമ്പും ഇത്തരത്തിൽ നിരവധി വളർത്തുമൃഗങ്ങളെ യുദ്ധഭൂമിയിൽ നിന്നും സൈന്യം രക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ രക്ഷിക്കുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ഒരു സുരക്ഷിത താവളവും ഒരുക്കിയിട്ടുണ്ട്. എന്നാൽ ഈ മൃഗങ്ങളിൽ പലതിനും തങ്ങളുടെ ഉടമയ്ക്കരികിലേയ്ക്ക് ഇനി തിരികെ പോകാൻ കഴിയില്ല എന്നതാണ് ദു:ഖകരമായ കാര്യം. ഇക്കാര്യത്തിൽ ഭാഗ്യവതിയായിരുന്നു നെസ്സി. അന്വേഷണത്തിൽ നെസ്സിയുടെ ഉടമസ്ഥരെ കണ്ടെത്തുകയും അവളെ അവർക്കരികിലേയ്ക്ക് എത്തിക്കുകയും ചെയ്തു.

തന്റെ ഉടമയെ കണ്ട നെസ്സി സന്തോഷത്തോടെ ഓടി അരികിലേയ്ക്ക് പോകുന്നതും വീഡിയോയിൽ കാണാം. സാഹചര്യം കൊണ്ട് മാത്രം തന്റെ നായയെ ഉപേക്ഷിക്കേണ്ടി വന്ന ഉടമയുടെ സന്തോഷവും ദൃശ്യങ്ങളിൽ കാണാൻ കഴിയും. കണ്ണ് നിറയുന്ന നിമിഷം എന്നാണ് വീഡിയോ കണ്ട പലരും പ്രതികരിച്ചിരിക്കുന്നത്. ദുരന്തങ്ങൾ മാത്രം കേൾക്കുന്നതിനിടെ പ്രതീക്ഷ നൽകുന്നതാണ് ഇത്തരം ഒത്തുചേരലുകളെന്നും പലരും വിശേഷിപ്പിക്കുന്നു. നിരവധിപേരാണ് ഇതിനോടകം തന്നെ ഹൃദയസ്പർശിയായ ഈ വീഡിയോ കണ്ടത്.