perunguzhi-temple

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിനടുത്തുള്ള പെരുങ്ങുഴി രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങാണ് കനലാട്ടം. പെരുങ്ങുഴി രാജരാജേശ്വരി ക്ഷേത്രത്തിന് 400 വർഷത്തോളം പഴക്കമുണ്ടെന്നാണ് വിശ്വാസം. പിന്നീട് തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ നേതൃത്വത്തിൽ പുനരുദ്ധാരണവും നടന്നു. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ അഗ്നിക്കാവടിയാണ് പെരുങ്ങുഴി രാജരാജേശ്വരി ക്ഷേത്രത്തിലേത്. ടൺ കണക്കിന് വിറക് ഉപയോഗിച്ചാണ് അഗ്നികുണ്ഡം ഒരുക്കുന്നത്. വർഷം തോറും എണ്ണൂറോളം പേർ വ്രതമെടുത്താണ് അഗ്നിക്കാവടിയിൽ പങ്കെടുക്കുന്നത്. കുന്നോളം വിറക് കൂട്ടി അതിലേക്ക് അഗ്നിപകരുന്നു. തുടർന്ന് അഗ്നികുണ്ഡമായി മാറുന്ന ആഴിയിലേക്ക് വ്രതക്കാർ എടുത്തു ചാടുന്ന കാഴ്‌ച അമ്പരപ്പോടെ മാത്രമേ കണ്ടുനിൽക്കാൻ കഴിയുകയുള്ളൂ.

പത്ത് ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ഇതിൽ അഗ്നിക്കാവടി അഭിഷേകം, പാൽക്കാവടി അഭിഷേകം, തിരുവാതിര പൊങ്കാല എന്നിവയാണ് പ്രധാനം. തുടർന്ന് ആറാട്ടെഴുന്നള്ളത്തോടു കൂടിയാണ് ഉത്സവം സമാപിക്കുക.

അഗ്നിക്കാവടിയുടെ ഐതിഹ്യം

നാൽപ്പത്തിയൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെയാണ് ഭക്തർ കനലാട്ടത്തിൽ പങ്കെടുക്കുന്നത്. മുരുകനടയിലെ കാവടിത്തറയിൽ മുപ്പതടിയോളം ചതുരശ്രമായി വിറക് കൂട്ടിയാണ് അഗ്നി ജ്വലിപ്പിക്കുക. വെളുപ്പിന് 3.30ന് പൂജാരിമാരുടെ നേതൃത്വത്തിൽ ആഴി പൂജയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ക്ഷേത്ര നടയിൽ നിന്ന് മുരുക ഭക്തർ പെരുങ്ങുഴി മേടയിൽ മുത്താരമ്മൻ ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങി അഗ്നിക്കാവടി ഘോഷയാത്രയായി രാജരാജേശ്വരി ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വച്ച ശേഷമാണ് മുരുക സന്നിധിയിലെ ആഴിയിൽ ചാടി കനലാട്ടം ആരംഭിക്കുക. കൈയിൽ കാവടിയുമായി തീയിൽ ചാടി കാവടി നേർച്ചക്കാ‌ർ അഗ്നിക്കാവടി അഭിഷേകത്തിൽ പങ്കെടുക്കും. അസുരമൂർത്തിയായ താരകാസുരനെ നിഗ്രഹിച്ച് സുബ്രഹ്മണ്യൻ നാട്ടിൽ സമാധാനവും ഐശ്വര്യവും പുലർത്തുമെന്നു കണ്ട് അഗ്നിയിൽ നടത്തിയ ആനന്ദ നൃത്തത്തെ അനുസ്മരിച്ച് നടത്തുന്ന ക്ഷേത്രച്ചടങ്ങാണിത്.