dileep

കൊച്ചി: മമ്മൂട്ടിയോ മോഹൻലാലോ തന്നെ കാണാൻ വരണമെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി. തന്റെ മകളുടെ കഥ സിനിമയാക്കണമെന്നും, അതിൽ തനിക്കൊരു വേഷം തരണമെന്നുമാണ് രാജേശ്വരിയുടെ ആവശ്യം. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

ജിഷയുടെ അമ്മയുടെ വാക്കുകൾ

'ഇത്രയും ക്രൂരമായിട്ട് എന്റെ മകളെ കൊന്നിട്ട് മമ്മൂട്ടി സർ ഇതുവരെ എന്റെയടുത്ത് വന്നിട്ടില്ല, മോഹൻലാൽ വന്നിട്ടില്ല. ഇവർ ഈ സംഭവങ്ങൾ കേട്ടിട്ടുണ്ടാകുമെന്ന് വിചാരിക്കുന്നു. ഇവരൊക്കെ വരുമെന്ന് ഞാൻ കരുതി. അവർ വന്നിരുന്നെങ്കിൽ പടത്തിലഭിനയിക്കാൻ ഞാൻ പോകില്ലായിരുന്നു.

മമ്മൂട്ടി സാർ ഒരു വക്കീലാണ്, ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, എന്റെ കുട്ടിയെ കൊലപ്പെടുത്തിയ കേസ് സിനിമയാക്കാൻ. മമ്മൂട്ടി സിബിഐ ആയിട്ട് ഒരുപാട് പടം പിടിച്ചിട്ടുണ്ട്. അതുപോലെ ഞങ്ങളെ കൊല്ലുമെന്ന് പറഞ്ഞവരെപ്പിടിച്ച് സോപ്പിട്ട്, ഏതെങ്കിലും തരത്തിൽ ഇവരെ ഉള്ളംകൈയിൽ കൊണ്ടുവന്നിട്ട്, സത്യം കണ്ടെത്തി പടമാക്കി തീർക്കാൻ. ഞങ്ങടെ പടം പിടിച്ചിട്ടുണ്ടെങ്കിൽ ലോകത്തെ ഏറ്റവും വലിയ വിജയമായേനെ. യഥാർത്ഥ സംഭവങ്ങളാണ് സിനിമയായി വരുന്നത്. ഭൂരിപക്ഷവും അതൊക്കെയാണ്. ചിലതൊക്കെ മാത്രമാണ് നടക്കാത്ത സംഭവങ്ങൾ എഴുതിക്കൂട്ടുന്നത്.

മോളെ വക്കീലായി പഠിപ്പിക്കാൻ ശ്രമിച്ചയാളാണ് ഞാൻ. കാരണം എനിക്കിത്തിരി വിദ്യാഭ്യാസം കുറവാണെങ്കിലും വിവരം കൂടുതലുണ്ട്. എന്റെ അമ്മ നല്ലരീതിയിൽ എന്നെ നോക്കിയിരുന്നെങ്കിൽ ഇന്ന് ഞാൻ ഈ നിലവാരത്തിലായിരുന്നില്ല എത്തുക.

മോഹൻലാലിനെയും മമ്മൂട്ടിയേയും ദിലീപിനെയും കാണാനാഗ്രഹിച്ച് കാത്തിരിക്കുന്ന ആളാ...ജിഷ മോളുടെ അമ്മയാ... മമ്മൂട്ടിയെ കാണാൻ ആഗ്രഹിക്കുന്നത് എന്റെ കൊച്ചിനെ കൊന്ന കേസ് സിനിമയിൽ കൂടി തെളിയിച്ചു കൊണ്ടുവരാനാ. സിനിമയിൽ എനിക്കൊരു ചാൻസു കൂടെ. ഞാൻ കൂടെ കേറിയാലാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടപ്പെടുക. വലിയ രീതിയിൽ പടം പിടിച്ചാൽ സംവിധായകന് കോടിക്കണക്കിന് രൂപ കിട്ടും.

മോഹൻലാലോ മമ്മൂട്ടിയോ ദിലീപോ, ആരും തന്നെ വന്നിട്ടില്ല. മമ്മൂട്ടി ഇത് സിനിമയാക്കണം, ദിലീപ് ആയാലും പടം പിടിക്കാൻ കഴിവുള്ളവനാ. അതിന് എന്റെയടുത്ത് വരണം. കേസ് മമ്മൂട്ടി തെളിയിക്കണം. മമ്മൂട്ടി വിളിച്ചില്ലെങ്കിലും ഞാൻ കാത്ത് കാത്തിരിക്കുകയാണ്. അതുപോലെ മോഹൻലാലും നല്ല പോലെ സിനിമയിൽ അഭിനയിക്കും.

ആർക്ക് എന്നെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നോ അവർക്ക് സഹായിക്കാം. വേറൊന്നിനുമല്ല എനിക്ക് ഒരു നേരത്തെ ആഹാരം കഴിക്കാൻ. ഈ കോടികളൊന്നും വന്നത് എന്റെ കൈയിൽ കിട്ടിയിട്ടില്ല. എട്ടേകാൽ ലക്ഷം കിട്ടി, ഇത്തിരി സ്വർണം മേടിച്ചു എന്നത് ശരിയാ,അതിന്റെ ബിൽ എന്റെ കൈയിലുണ്ട്.'- ജിഷയുടെ അമ്മ പറഞ്ഞു.