
തിരുവനന്തപുരം: കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി കെ വി തോമസ്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്ന അജണ്ട കെ സുധാകരൻ നടപ്പാക്കുകയാണെന്നാണ് അദ്ദേഹം ആരോപിച്ചു.
താൻ പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ല. സി പി എമ്മിൽ ചേരാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. സുധാകരനല്ല കോൺഗ്രസ് എന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കെ വി തോമസ് ചൂണ്ടിക്കാട്ടി.
സോണിയാ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടെന്നാണ് കെ വി തോമസ് പറയുന്നത്. നടപടി എന്തായാലും കോൺഗ്രസിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെതിരെ അച്ചടക്കനടപടി വേണമെന്നാണ് കെ പി സി സി ആവശ്യപ്പെടുന്നത്. കെ പി സി സി യുടെ ശുപാർശ എ ഐ സി സി അച്ചടക്കസമിതിക്ക് വിട്ടിരിക്കുകയാണ്. ഇവർ കെ വി തോമസിൽ നിന്നും വിശദീകരണം തേടിയതിന് പിന്നാലെയാകും നടപടികളിലേയ്ക്ക് നീങ്ങുന്നത്.
വിലക്ക് ലംഘിച്ച് സി പി എം വേദിയിലെത്തുകയും പിണറായിയെ പ്രശംസിക്കുകയും കെ റെയിലിനെ പിന്തുണയ്ക്കുകയും ചെയ്ത് തോമസിനെതിരെ തിരിഞ്ഞിരിയ്‌ക്കുകയാണ് പാർട്ടിയിലെ ഒരു വിഭാഗം. മുരളീധരനും ചെന്നിത്തലയും ഉൾപ്പടെ തോമസിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. എ കെ ആന്റണി അദ്ധ്യക്ഷനായ അച്ചടക്കസമിതിയുടെ തീരുമാനത്തിനായാണ് ഏവരും കാത്തിരിക്കുന്നത്.