
ഡോ. പി.സി സലിമിന്റെ 'സാമ്യമകന്നോരെൻ ഗ്രാമം" സവിശേഷതയുള്ള ഗ്രാമചരിതമാണ്. ജന്മഗ്രാമമായ കുഴിമതിക്കാടിന്റെ സമഗ്രചരിത്രം രചിക്കുന്ന ഗ്രന്ഥകാരൻ. ദേശകഥ മാത്രമല്ല ദേശവാസികളുടെ ജീവിതവും അവതരിപ്പിക്കുന്നു. സ്ഥലനാമപഠനത്തിൽ ആരംഭിച്ച് നാടിന്റെ പുതിയ മുഖം ആലേഖനം ചെയ്‌തുകൊണ്ട് പര്യവസാനിക്കുന്ന 'സാമ്യമകന്നോരെൻ ഗ്രാമം" ദേശചരിത്രരചനയ്‌ക്കുള്ള ഒരു നവമാതൃകയാണ്.
കൊല്ലം ജില്ലയിലെ കരീപ്ര പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് കുഴിമതിക്കാട്. ജന്മികളായ പോറ്റിമാരും അലഞ്ഞെത്തി ആവാസമുറപ്പിച്ച പാണന്മാരും ഇരുകോടികളിൽ നിലയുറപ്പിച്ച് ഒരുക്കുന്ന ഗ്രാമജീവിതനാടകം അസാമാന്യമായ വൈഭവത്തോടെയാണ് അദ്ദേഹം പകർത്തിയിട്ടുള്ളത്. എഴുത്തുപള്ളിക്കൂടത്തിൽ നിന്നും ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് വളർന്ന വിദ്യാഭ്യാസചരിത്രവും നെയ്‌ത്തുശാലയിൽ ആരംഭിച്ച് ഡിജിറ്റൽ സംരംഭങ്ങളിലേക്ക് വ്യാപിച്ച വ്യാവസായിക ചരിത്രവും നടപ്പാതകളിൽ തുടങ്ങി ഗ്രാമത്തിലാകെ നിറഞ്ഞ പൊതുവഴികളിലൂടെ നീണ്ട ഗതാഗതചരിത്രവുമെല്ലാം വിവരിക്കുമ്പോൾ ഒരു കുഗ്രാമം കാലത്തിനൊപ്പം നിന്ന് മുന്നേറുന്ന കഥയാണ് ആഖ്യാനം ചെയ്യപ്പെടുന്നത്. ഗ്രാമത്തിന്റെ വളർച്ചയിൽ ഭാഗഭാക്കുകളായവരെ ഒരു നോവലിലെ സമ്പൂർണ കഥാപാത്രങ്ങളെപ്പോലെ ചിത്രീകരിക്കുവാനും ഗ്രന്ഥകാരന് കഴിഞ്ഞു.
ആലയും കുമ്മായച്ചൂളയും കൊപ്രാപ്പുരയും തുണിക്കടയും തയ്യൽക്കടയും വൈദ്യശാലയും ഏറുമാടവും വഴിയമ്പലവും ആൽത്തറയും ചക്കും അരിഷ്‌ടക്കടയും ചുമടുതാങ്ങിയും വഴിക്കിണറും അഞ്ചലാപ്പീസും കള്ളുഷാപ്പും കലാസമിതിയും വായനശാലയും ചിത്രീകരിച്ച് ഗൃഹാതുരത ഉണർത്തുന്ന ചരിത്രകാരൻ നല്ലൊരു ഗ്രന്ഥശാലയും ചന്തയും ഗ്രാമത്തിലെ ഇല്ലായ്‌മകളായി എടുത്തെഴുതുന്നു. കുഴുമതിക്കാട്ടെ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും തികഞ്ഞ അഭിമാനത്തോടെ പരിചയപ്പെടുത്തുന്ന അദ്ദേഹം വിവിധ ഔദ്യോഗിക രംഗങ്ങളിൽ പ്രശോഭിച്ച ദേശവാസികളുടെ വിപുലമായ ഒരു വിവരണം തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ചെല്ലപ്പേരുകളുടെ കുത്തൊഴുക്കിലൂടെ സാദ്ധ്യമാക്കുന്ന പുഞ്ചിരിയുടെ വെള്ളിമീൻച്ചാട്ടവും ഹൃദ്യമാണ്.
നായർ സർവീസ് സൊസൈറ്റി കരയോഗത്തിന്റെ പ്രസിഡന്റായി ഒരു ബ്രഹ്‌മണൻ തിരഞ്ഞെടുക്കപ്പെട്ടതിന്റെയും ഒരു ബ്രാഹ്മണൻ തിരഞ്ഞെടുക്കപ്പെട്ടതിന്റെയും ഒരു ബ്രാഹ്മണ മഠത്തിന്റെ മാനേജരായി ദലിത് വിഭാഗത്തിൽപ്പെട്ടയാൾ ചുമതല നിർവഹിച്ചതിന്റെയും വിവരണവും സവിശേഷമാണ്. പരിചയവും അടുപ്പവുമുള്ള സാറാമ്മ ടീച്ചർ, ഡോ. പി.സി. റോയി, പ്രൊഫ. വി. സുരേന്ദ്രൻ എന്നിവരെക്കുറിച്ചും നാലാം ക്ളാസ് വരെ പഠിച്ച തൃപ്പലഴികം ലിറ്റിൽ ഫ്ളവർ സ്‌കൂളിനെക്കുറിച്ചും ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുള്ളത് വ്യക്തിപരമായി എനിക്ക് വലിയ ആഹ്ളാദമാണ് സമ്മാനിച്ചത്.
ഒരു ഗ്രാമത്തിന്റെ സമഗ്രചരിത്രം രേഖപ്പെടുത്തുകയെന്ന ഭഗീരഥപ്രയത്നത്തിന്റെ സാഫല്യമാണ് ഈ ഗ്രന്ഥം. സ്ഥലവിവരണവും സംഭവചിത്രീകരണവും എളുപ്പമുള്ള കാര്യമാണ്. എന്നാൽ ഈ ഗ്രാമത്തിലെ മരിച്ചുപോയവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ജീവിതാവതരണവും ഏറ്റവും ശ്രദ്ധയും ജാഗ്രതയും ആവശ്യമായ കാര്യമാണ്. വ്യക്തിപരമായി പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്തതും മിക്കവാറും പലരുടെയും അനിഷ്ടം ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ വ്യക്തിചിത്രണത്തിലൂടെ മികച്ച ഒരു ഗ്രാമേതിഹാസമാണ് ഗ്രന്ഥകാരൻ വായനക്കാർക്ക് ലഭ്യമാക്കിയിട്ടുള്ളത്. സ്ഥലകാല രാശികളിൽ അനുഭവങ്ങളെ ആവിഷ്ക്കരിച്ച് കുഴിമതിക്കാടിന്റെ ജീവിതഹരിതമാണ് ചരിത്രകാരൻ സംക്രമിപ്പിച്ചത്. പരിചയപ്പെടുത്തിയ മണ്ണിന്റെ ഉർവരതയും മനുഷ്യരുടെ ഉത്സാഹവും സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
(ഡോ. പി.സി. സലിം, ഫോൺ നമ്പർ:94470 64080)