
ബെൽഗ്രേഡ്: റഷ്യ- യുക്രെയിൻ യുദ്ധം തുടരുന്നതിനിടെ റഷ്യയുടെ സഖ്യകക്ഷിയായ സെർബിയയ്ക്ക് രഹസ്യമായി മാരകായുധങ്ങൾ എത്തിച്ച് ചൈന. ചൈനീസ് വ്യോമസേനയുടെ ആറ് വൈ-20 വിമാനങ്ങളാണ് കഴിഞ്ഞ ശനിയാഴ് സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡിൽ എത്തിച്ചത്.
മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള വൈ-20 വിമാനങ്ങൾ സെർബിയൻ സൈന്യത്തിന് വേണ്ടിയായിരുന്നു എത്തിച്ചത്. യുക്രെയിനുമായുള്ള യുദ്ധം രൂക്ഷമാവുന്ന സാഹചര്യത്തിൽ ചൈന സെർബിയയ്ക്ക് സൈനിക സഹായം എത്തിച്ചത് സംശയം ജനിപ്പിക്കുന്നു. എന്നാൽ 2019ൽ ഒപ്പിട്ട കരാർ പ്രകാരമാണ് വിമാനങ്ങൾ എത്തിച്ചതെന്നാണ് സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുകിക്കിന്റെ വാദം.
റഷ്യ- യുക്രെയിൻ സംഘർഷം നിലനിൽക്കുന്നതിനാൽ സൈനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ നാറ്റോ അനുവദിക്കുന്നില്ലെന്ന് സെർബിയൻ പ്രസിഡന്റ് പരാതിപ്പെട്ടിരുന്നു. തുർക്കി, ബൾഗേറിയ എന്നീ രാജ്യങ്ങൾ യുദ്ധത്തിനിടയിലും ഇത്തരം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അലക്സാണ്ടർ ആരോപിച്ചു. എന്നാൽ സെർബിയയിലെ കൈമാറ്റം ചൈനയുടെ ആഗോള സ്വാധീനം വ്യക്തമാക്കുന്നതാണെന്ന് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
യുക്രെയിനിലെ റഷ്യയുടെ രക്തചൊരിച്ചിലിനെ അപലപിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തെ സെർബിയ അനുകൂലിച്ചിരുന്നു. എന്നാൽ ഇതുവരെ രാജ്യം റഷ്യയ്ക്ക് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നുമില്ല. പാശ്ചാത്യ രാജ്യങ്ങളുടെ ശക്തമായ എതിർപ്പ് അവഗണിച്ച് സെർബിയ ആയുധങ്ങൾ ഇറക്കുമതി ചെയ്തത് ആശങ്ക ഉയർത്തുകയാണ്.