vijay-alphons

ബീസ്റ്റിന്റെ പ്രമോഷന്റെ ഭാ​ഗമായി സൺ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ നെൽസണോട് നടൻ വിജയ് പങ്കുവച്ച വിശേഷങ്ങൾ ശ്രദ്ധ നേടുന്നു. താരത്തിന്റെ മകന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള വിശേഷങ്ങളും അഭിമുഖത്തിലുണ്ട്.

സഞ്ജയ്‌യെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനായി ചിലർ സമീപിച്ചിരുന്നു. അവരിൽ ഏറ്റവും ഇഷ്ടം തോന്നിയ കഥ 'പ്രേമം' സംവിധാനം ചെയ്ത അൽഫോൺസ് പുത്രൻ പറഞ്ഞതായിരുന്നു. ഒരു കഥ പറയാൻ വരാൻ ആ​ഗ്രഹമുണ്ടെന്നാണ് അൽഫോൺസ് പറഞ്ഞത്. തനിക്കുള്ള കഥയാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടാണ് സഞ്ജയ്ക്ക് പറ്റിയ കഥയാണെന്ന് മനസിലായതെന്ന് വിജയ് വ്യക്തമാക്കി.

അടുത്ത വീട്ടിലെ പയ്യൻ എന്ന തരത്തിലുള്ള രസകരമായ കഥയായിരുന്നു അത്. സിനിമ ചെയ്യാനായി സഞ്ജയ് സമ്മതിക്കണം. ആ സിനിമ ചെയ്യണമെന്ന് ഉള്ളിൽ അതിയായ ആ​ഗ്രഹമുണ്ടായിരുന്നുവെന്നും വിജയ് വിശദീകരിച്ചു. ഇപ്പോൾ ചെയ്യുന്നില്ല, കുറച്ചുകൂടി കഴിയട്ടെയെന്നായിരുന്നു സഞ്ജയുടെ മറുപടി. അച്ഛനെന്ന രീതിയിൽ അമിതമായി മകന്റെ കാര്യത്തിൽ ഇടപെടാറില്ലെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം, ഒരു ദശാബ്ദത്തിലേറെയായി മാദ്ധ്യമങ്ങൾക്കു മുമ്പിൽ വരാതിരുന്നതിന്റെ കാരണവും അഭിമുഖത്തിൽ വിജയ് തുറന്ന് പറഞ്ഞു. നമ്മൾ അഭിമുഖങ്ങളിൽ പറയുന്നതു പോലെയാകില്ല അച്ചടിച്ചു വരുന്നത്. പിന്നീട് അത് വിവാദമാകും, നമ്മൾ വിശദീകരണം നൽകേണ്ടി വരും.

എല്ലായ്‌പ്പോഴും ഇത് സാദ്ധ്യമാകില്ല. ഇക്കാരണം കൊണ്ടാണ് ഓഡിയോ ലോഞ്ചിലൂടെ തനിക്കു പറയാനുള്ള കാര്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ളതെന്ന് വിജയ് വ്യക്തമാക്കി. പതിനൊന്ന് വർഷങ്ങൾക്കു മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിന് ശേഷമാണ് താൻ അഭിമുഖങ്ങളിൽ നിന്നും വിട്ടുനിന്നതെന്നും വിജയ് കൂട്ടിച്ചേർത്തു.