
മലയാളത്തിന് ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാതാവാണ് പി വി ഗംഗാധരൻ. ഏറ്റവുമധികം ചിത്രങ്ങൾ ഭരതനൊപ്പമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ നായികമാരുടെയെല്ലാം കരുത്തുറ്റ കഥാപാത്രങ്ങൾ പ്രേക്ഷകർ കണ്ടതും അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പി വി ഗംഗാധരൻ സംസാരിക്കുന്നു.
' ഭരതൻ ഒരു യഥാർത്ഥ കലാകാരനാണ്. രതിനിർവേദത്തിൽ ഒരു മോശം സീൻ നമുക്ക് ഒരിക്കലും കാണാൻ പറ്റില്ല. ഭരതൻ ഞെട്ടിച്ച സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഭരതനും ഞാനും പത്മരാജനും ലൊക്കേഷൻ നോക്കാനായി പോവുകയാണ്. വഴിയിൽ വച്ച് ആനയെ കണ്ടു. ഭരതൻ ഉടൻ തന്നെ ഇറങ്ങി കാട്ടാനയുടെ അടുത്തേക്ക് അങ്ങ് പോവുകയാണ്. ഒന്നിനോടും പേടിയില്ല. അതാണ് അദ്ദേഹം.
സിനിമയിൽ ഒരുപാട് പേരെ അവതരിപ്പിക്കാൻ പറ്റിയിട്ടുണ്ട്. കാറ്റത്തെ കിളിക്കൂടിലൂടെയാണ് രേവതി ആദ്യമായി മലയാളത്തിലെത്തുന്നത്. മോഹൻലാൽ, കെ പി എ സി ലളിത, ഭരത് ഗോപി തുടങ്ങി വലിയ താരനിരയുണ്ടായിരുന്നു. വിവാഹശേഷം ലളിത ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയായിരുന്നു അത്.
അതുപോലെയാണ് മീര ജാസ്മിനും സംയുക്ത വർമ്മയുമൊക്കെ. വീക്കിലിയിലെ മുഖചിത്രം കണ്ടിട്ട് ഭാര്യയാണ് പറയുന്നത് ഈ കുട്ടിയെ നമ്മുടെ ആ പടത്തിലേക്ക് പറ്റുമെന്ന്. അന്ന് വീണ്ടും ചില വീട്ടുകാര്യങ്ങളുടെ ചർച്ച നടക്കുന്ന സമയമാണ്. സത്യനോട് പറഞ്ഞപ്പോൾ പുള്ളിയ്ക്കും അറിയുന്ന കുടുംബം കൂടിയാണ് അവരുടേത്.
മീരാജാസ്മിൻ ശരിക്കും ഒരു അഭിനയ റാണിയാണ്. ഏതു ഭാവമായാലും നന്നായി ചെയ്യും. അച്ചുവിന്റെ അമ്മയിൽ എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ എന്ന പാട്ടൊക്കെ നല്ല രസമായി ചെയ്തിട്ടുണ്ട്. അവർ സിനിമയിൽ നിന്നും ഇത്രയും അകന്നു പോകാൻ പാടില്ലായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, പോകണ്ടെന്ന് പറയാൻ പറ്റില്ലല്ലോ. ജീവിതം വേണ്ടേ. സിനിമയുമായി പോയാലും ജീവിക്കാം.
മറക്കാൻ പറ്റാത്ത വ്യക്തിത്വങ്ങളിൽ ഒരാളാണ് സുകുമാരി ചേച്ചി. അതുപോലെയാണ് ലളിതയും. അസുഖം ബാധിച്ച് കിടപ്പാകുന്നതുവരെയും അടുത്ത ബന്ധമുണ്ടായിരുന്നു. എത്രയോ യാത്രകൾ ഒന്നിച്ച് നടത്തിയിരിക്കുന്നു. അവരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് നമ്മളെയും കാണുന്നത്."