
അമേരിക്കയിൽ ചെലവിട്ട നാളുകൾ സുഗതൻ പഴയ ആൽബം നോക്കുമ്പോൾ ഓർത്തെടുക്കും. കേന്ദ്രസർക്കാരിലെ ഉന്നതഉദ്യോഗസ്ഥനായി വിരമിച്ചശേഷമായിരുന്നു അമേരിക്കൻ യാത്ര. അമേരിക്കയിൽ കുടുംബസമേതം കഴിയുന്ന മകളുടെ രണ്ടാമത്തെ പ്രസവസമയത്തായിരുന്നു അത്. ഭാര്യയ്ക്കൊപ്പം ഒരു വർഷത്തോളം അവിടെ സന്തോഷത്തോടെ കഴിച്ചുകൂട്ടി. മൂത്തകുട്ടിയുടെ പ്രസവം കേരളത്തിലായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും കിരണിന് പ്രിയപ്പെട്ടവർ. അമേരിക്കയിൽ പോയശേഷവും ആ സ്നേഹം കൂടിയതേയുള്ളൂ. മകളും മരുമകനും ഐ.ടി മേഖലയിൽ. കനത്ത ശമ്പളമുണ്ട്. എല്ലാമുണ്ടെങ്കിലും ഒരുതരം യാന്ത്രികതയുടെ മുരടിപ്പാണെന്ന് മകൾ ഇടയ്‌ക്കിടെ പറയും.
രണ്ടാമത്തെ കുട്ടിയുടെ കാര്യങ്ങൾ നോക്കാൻ ഭാഗ്യത്തിന് ഒരു ആയയെകിട്ടി. പാകിസ്ഥാൻകാരിയാണ്. നല്ല പെരുമാറ്റം. സൗമ്യമായ മുഖഭാവം. രണ്ടുമക്കളുണ്ട് അവർക്ക്. കോളേജ് വിദ്യാർത്ഥികൾ. ഭർത്താവ് ട്രക്ക് ഡ്രൈവർ. മകൾക്ക് കിട്ടുന്ന ശമ്പളത്തിന്റെ മുക്കാൽ പങ്കും ആയയുടെ ശമ്പളമായി നൽകും. ഉർദുവും ഇംഗ്ളീഷും നന്നായി സംസാരിക്കും.പേര് പലവട്ടം പറഞ്ഞെങ്കിലും സുഗതനും ഭാര്യയ്‌ക്കും പൂർണമായി മനസിലായില്ല. അതിനാൽ നസീമയെന്ന് ഇരുവരും വിളിച്ചു. കുട്ടിയുടെ കാര്യങ്ങൾ സ്നേഹത്തോടും വാത്സല്യത്തോടും നന്നായി നോക്കും. കഴിഞ്ഞ ജന്മത്തിൽ അമ്മയോ മുത്തശ്ശിയോ ആയിരുന്നിരിക്കുമെന്ന് സുഗതൻ തമാശയായി പറയാറുണ്ട്. നസീമയെത്തിക്കഴിഞ്ഞാൽ കുഞ്ഞിന് മറ്റാരും വേണ്ട. വൈകിട്ട് അവർ മടങ്ങുമ്പോൾ കരയാൻ തുടങ്ങും. കുട്ടിക്ക് ഇഷ്ടപ്പെട്ട ചില പ്രത്യേക ഭക്ഷണപദാർത്ഥങ്ങൾ അവർ വീട്ടിൽ നിന്ന് ഉണ്ടാക്കിക്കൊണ്ടുവരും. സ്വന്തം മക്കളെപ്പോലും ഇത്ര സ്നേഹിച്ചു വളർത്തിയില്ലെന്ന് സുഗതന്റെ ഭാര്യ കുറ്റബോധത്തോടെ പറയാറുണ്ട്. ഇന്ത്യ- പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റവും അതിർത്തിയിലെ ഏറ്റുമുട്ടലുകളുമൊക്കെ പത്രവാർത്തയാകാറുണ്ടെങ്കിലും നസീമയുടെ സ്നേഹത്തിനോ ബന്ധത്തിനോ അതൊന്നും ബാധിച്ചിരുന്നില്ല. സ്നേഹമാണ് ഏറ്റവും വിശാലമായ രാജ്യം. അവിടത്തെ പ്രജകൾക്കെല്ലാം ഹൃദയം ഒന്നുതന്നെ എന്ന് അർത്ഥം വരുന്ന താരാട്ട് പാട്ട് നസീമ പാടാറുണ്ട്. അതുകേൾക്കുമ്പോൾ ഭരണാധികാരികളാണ് അതിർത്തികളുണ്ടാക്കുന്നതും നിലനിറുത്തുന്നതും എന്ന് സുഗതനും തോന്നാറുണ്ട്.
നാട്ടിലേക്ക് മടങ്ങിയശേഷം നിത്യവും മകൾ വിളിക്കും. നസീമയുടെ കാര്യം സുഗതൻ തിരക്കും. കുഞ്ഞിന് രണ്ട് വയസായപ്പോൾ ആയയെ പറഞ്ഞയച്ചു. എങ്കിലും ആഴ്‌ചയിലൊരിക്കൽ അവർ വരും. പാകിസ്ഥാനി ഗന്ധമുള്ള ചില വിഭവങ്ങളും കൊണ്ടുവരും. തക്കം കിട്ടിയാൽ അമ്മയുടെ ഫോണെടുത്ത് ഇളയകുട്ടി നസീമയെ വിളിക്കുമത്രേ. പാകിസ്ഥാനും ഇന്ത്യയും വിഭജിക്കപ്പെടാത്ത ഒറ്റ സ്നേഹരാജ്യം എന്ന മകളുടെ വിലയിരുത്തൽ ശരിയാണെന്ന് സുഗതനും തോന്നാറുണ്ട്.
(ഫോൺ: 9946108220)