
തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയവർക്ക് അജണ്ടയുണ്ടെന്ന കെ വി തോമസിന്റെ പരാമർശത്തിന് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഇക്കാര്യത്തിൽ ഒരജണ്ടയുമില്ലെന്നും അച്ചടക്ക സമിതിയുടെ കാര്യത്തിൽ ഇടപെടില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. അച്ചടക്ക സമിതി ഉചിതമായ തീരുമാനമെടുക്കും. കെ വി തോമസ് കാണിച്ചത് കൊലച്ചതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നടപടി ഒറ്റക്കെട്ടായുള്ള ആവശ്യമാണെന്നും അതിന്റെ പേരിൽ സുധാകരനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കേണ്ടതില്ലെന്നും വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു.
ഇന്ന് ഉച്ചയോടെയാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് കെ വി തോമസിന് അച്ചടക്ക സമിതിയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. സുധാകരന്റെ പരാതിയിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടി. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുമെന്ന് കെ വി തോമസ് ഇതിനോടകം തന്നെ പ്രതികരിച്ചു. കോൺഗ്രസ് പാർട്ടിയിൽ തന്നെ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.