ashwin

മുംബയ്: ഇന്ത്യൻ ക്രിക്കറ്റർ രവിചന്ദ്രൻ അശ്വിന്റെ യൂട്യൂബ് ചാനലിലെ വർത്തമാനങ്ങളും അദ്ദേഹത്തിന്റെ അഭിമുഖങ്ങളും കേൾക്കുന്നവർക്ക് മനസിലാവുന്ന ഒരു കാര്യമുണ്ട്, ക്രിക്കറ്റ് നിയമങ്ങൾ ശരിക്കും മനപാഠമാക്കിയ ഒരു എൻസൈക്ളോപീഡിയയാണ് അദ്ദേഹമെന്ന്. ആ നിയമങ്ങൾ കാര്യക്ഷമമായി കളിക്കളത്തിൽ ഉപയോഗിക്കാനും അതിനെതിരെ ഉയരുന്ന വിമർശനങ്ങളെ ധൈര്യപൂർവ്വം ചെറുക്കാനും അശ്വിന് ത്രാണിയുമുണ്ട്. അതിന്റെ ഒടുവിലെ ഉദാഹരണമാണ് ലക്നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരത്തിലെ റിട്ടയേഡ് ഒൗട്ട്. ഐ.പി.എൽ ചരിത്രത്തിൽ റിട്ടയേർഡ് ഔട്ടാകുന്ന ആദ്യ താരമാണ് അശ്വിൻ. ബാറ്റിംഗിനിടെ പരിക്ക് പറ്റിയാൽ കളിക്കാർ റിട്ടയേര്‍ഡ് ഹർട്ടാകാറുണ്ട്. ഇവർക്ക് പിന്നീട് തിരിച്ചെത്തി ബാറ്റ് ചെയ്യാം. എന്നാൽ പരിക്കേൽക്കാതെതന്നെ ബാറ്റർ പിന്മാറുന്നതാണ് റിട്ടയേഡ് ഒൗട്ട്. തന്നെക്കാൾ കേമനായ ഒരു ബാറ്റർക്ക് അവസരമൊരുക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ലഖ്‌നൗവിനെതിരേ ഒരു ഘട്ടത്തിൽ റോയൽസ് നാലിന് 67 റൺസെന്ന നിലയിലായിരുന്നു. ഈ സമയത്താണ് ഹെറ്റ്മേയറും അശ്വിനും ക്രീസിൽ ഒന്നിക്കുന്നത്. അശ്വിന് മുന്നേ ബാറ്റിംഗിന് ഇറങ്ങേണ്ടത് റിയാൻ പരാഗായിരുന്നു. എന്നാൽ നടുവിന് നേരിയ പരിക്കിലായിരുന്ന റിയാൻ മത്സരത്തിന്റെ തുടക്കം മുതലേ ഡഗ് ഒൗട്ടിൽ ഫിസിയോ തെറാപ്പിസ്റ്റിന് ഒപ്പം പ്രാഥമിക ശിശ്രൂഷയിലായിരുന്നു. അതിനാലാണ് അശ്വിൻ അഞ്ചാം വിക്കറ്റിൽ ഹെറ്റ്മേയർക്കൊപ്പമെത്തിയത്. ബാറ്റിംഗ് തകർച്ച മുന്നിൽ കണ്ട റോയൽസിനെ 68 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യമാണ് രക്ഷിച്ചെടുത്തത്. 19-ാം ഓവറിലാണ് അശ്വിൻ റിട്ടയേര്‍ഡ് ഔട്ടായി മടങ്ങിയത്. റിയാന് ക്രീസിലെത്താൻ വേണ്ടിയായിരുന്നു ഈ തീരുമാനം. 23 പന്തിൽ നിന്ന് രണ്ട് സിക്സടക്കം 28 റൺസെടുത്ത ശേഷമായിരുന്നു അശ്വിന്റെ മടക്കം. എട്ടോവറിലധികം ക്രീസിലുണ്ടായിരുന്ന അശ്വിൻ അൽപ്പം തളർന്നിരുന്നു. ഫുട്ബാളിലെ സബ്സ്റ്റിറ്റ്യൂഷന് തുല്യമായ തന്ത്രമാണ് അവി‌ടെ അശ്വിൻ പുറത്തെ‌ുത്തത്. അതിന് ടീമിന്റെ പിന്തുണയുമുണ്ടായി. ഓവറിന്റെ ഇടവേളയിൽ കോച്ച് സംഗക്കാരയുമായി ഇക്കാര്യം ചർച്ചചെയ്തശേഷമായിരുന്നു അശ്വിന്റെ തീരുമാനം. രാജസ്ഥാൻ റോയൽസിന്റെ തന്ത്രപരമായ ഈ നീക്കത്തെ സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് പ്രശംസിച്ചത്. 2019 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ജോസ് ബട്ട്ലറെ നോൺസ്ട്രൈക്കേഴ്സ് എൻഡിൽ പുറത്താക്കിയ പഞ്ചാബിന്റെ താരമായിരുന്ന അശ്വിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. മുൻ ആസ്ട്രേലിയൻ ക്യാപ്ടൻ റിക്കി പോണ്ടിംഗ് അടക്കമുള്ളവർ ശക്തമായി വിമർശിച്ചെങ്കിലും അശ്വിൻ ക്രിക്കറ്റ് നിയമങ്ങൾ ഉദ്ധരിച്ച് താൻ ചെയ്തത് ശരിയാണെന്ന നിലപാടിൽ ഉറച്ചുനിന്നു. പിന്നീട് ഡൽഹി ക്യാപ്പിറ്റൽസിൽ റിക്കി പോണ്ടിംഗിന് കീഴിൽ കളിക്കേണ്ടിവന്നപ്പോഴും അശ്വിൻ നിലപാടുമാറ്റിയില്ല. അടുത്തിടെയാണ് ക്രിക്കറ്റ് നിയമങ്ങൾ പരിഷ്കരിക്കുന്ന എം.സി.സി മങ്കാദിംഗ് നിയമവിധേയമാക്കിയത്. അത് അശ്വിന്റെ കൂടി വിജയമായിരുന്നു.