food

മലയാളികളുടെ പ്രഭാത ഭക്ഷണത്തിലെ പ്രധാന വിഭവമാണ് പുട്ട്. അരിപ്പൊടിയിലും ഗോതമ്പിലും ഓട്സിലുമൊക്കെ പുട്ട് ഉണ്ടാക്കി കഴിക്കുന്നവരാണ് ഏറെയും. എന്നാൽ ഇത്തവണ സാൾട്ട് ആൻഡ് പെപ്പറിൽ വ്യത്യസ്തമായ ഒരു പുട്ടാണ് പരിചയപ്പെടുത്തുന്നത്.

മരച്ചീനി പുട്ട് അഥവാ കപ്പ പുട്ട്. സ്ഥിരം പുട്ട് രുചികൾ കഴിച്ച് മടുത്തവ‌ർക്കെല്ലാം പരീക്ഷിക്കാവുന്നതാണ് ഈ രുചിക്കൂട്ട്. ആദ്യം കപ്പ നന്നായി ഗ്രേറ്റ് ചെയ്തെടുക്കണം. കഴുകി വൃത്തിയാക്കിയ ശേഷം കപ്പയിലെ വെള്ളം പിഴിഞ്ഞു കളയണം.

മാവ് ഉണങ്ങി കിട്ടുമ്പോൾ കുറച്ച് അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് പുട്ടിന്റെ പാകത്തിൽ കുഴച്ചെടുക്കാം. ഇനി സാധാരണ പോലെ പുട്ടുകുറ്റിയിൽ വച്ച് വേവിച്ചെടുത്താൽ ഒന്നാന്തരം കപ്പ പുട്ട് റെഡിയായി.

ഇതിന് കൂട്ടായി തയ്യാറാക്കിയിരിക്കുന്നത് ബീഫ് കറിയാണ്. അതിലും ഒരു പ്രത്യേകതയുണ്ട്. മുരിങ്ങയുടെ പട്ട അരച്ച് ചേർത്താണ് ഈ ബീഫ് കറിയുണ്ടാക്കിയിരിക്കുന്നത്. ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവ അരച്ചെടുക്കുന്ന സമയത്താണ് മുരിങ്ങയുടെ പട്ടയും ചേർക്കുന്നത്. രുചിയും ഗുണവും കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഈ പൊടിക്കൈ പരീക്ഷിക്കാം.