
ഇസ്‌ലാമാബാദ്: അനിശ്ചിതത്വങ്ങൾക്ക് ശേഷം പാകിസ്ഥാന്റെ 23ാം പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫ് (70) തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) അദ്ധ്യക്ഷനുമാണ് ഷഹബാസ് ഷരീഫ്.
സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പിടിഐ പാർട്ടി അംഗങ്ങളും രാജിവച്ചിരുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു. ദേശീയ അസംബ്ളിയിൽ നിന്നും രാജി വയ്ക്കുന്നതായി ഇമ്രാൻ ഖാൻ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചിരുന്നു. 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചെടുത്തത്. ദൈവം പാകിസ്ഥാനിനെ രക്ഷിച്ചുവെന്ന് തിരഞ്ഞെടുപ്പിന് പിന്നാലെ ഷഹബാസ് പറഞ്ഞു.
പാകിസ്ഥാൻ ചരിത്രത്തിൽ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രി കൂടിയാണ് ഇമ്രാൻ ഖാൻ. മൂന്ന് വർഷവും ഏഴ് മാസവുമാണ് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിൽ ഇരുന്നത്. കാലാവധി തികയ്ക്കാത്ത പ്രധാനമന്ത്രിമാരുടെ പട്ടികയിലേക്ക് ഇമ്രാൻ ഖാനും എത്തിയിരിക്കുകയാണ്.