kk

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്കുകൾ സർക്കാർ ഇനി പ്രസിദ്ധീകരിക്കില്ല. കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഇനി മുതൽ കൊവിഡ് അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് വ്യാപനം തുടങ്ങിയതു മുതൽ കഴിഞ്ഞ രണ്ടുവർഷം എല്ലാ ദിവസവും വൈകിട്ട് ആറിനാണ് കൊവിഡ് രോഗികളുടെ എണ്ണം സർക്കാർ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളിലൂടെയാണ് ആദ്യം കണക്കുകൾ പുറത്തുവിട്ടിരുന്നത്. പിന്നീട് അത് വാര്‍ത്താക്കുറിപ്പിലൂടെയായി.

പകര്‍ച്ചവ്യാധി നിയന്ത്രണനിയമപ്രകാരം കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു. നിലവിൽ മാസ്ക് ധരിക്കുക എന്നതിനപ്പുറം കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങൾ നിലവിലില്ല. കരുതൽ ഡോസ് വാക്സീനേഷന് കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകുക കൂടി ചെയ്തതിന് പിന്നാലെയാണ് പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുന്നത്.