
സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങൾ ചെറുതല്ല. ശരീരഭാരം നിയന്ത്രിക്കാനും ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും സ്ഥിര വ്യായാമം നമ്മെ സഹായിക്കുന്നു. എന്നാൽ അമിത വ്യായാമം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ദീർഘകാല പ്രത്യാഘാതങ്ങൾക്കും ഇടയാക്കും. ഇടവേളയില്ലാതെ എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ശരീര പേശികൾ ക്ഷീണിക്കാൻ കാരണമാകും. പേശികൾക്ക് വിശ്രമിക്കാൻ സമയം നല്കാത്തത് പരിക്കുകളുണ്ടാകാനുള്ള സാദ്ധ്യത കൂട്ടുന്നു.
അമിതമായ വ്യായാമം നിങ്ങളുടെ ഹൃദയപേശികളെ സമ്മർദ്ദത്തിലാക്കുന്നു. ദീർഘനേരം കാർഡിയോ വ്യായാമം ചെയ്യുമ്പോൾ, ശരീരത്തിലെ ഓക്സിജന്റെ ആവശ്യകത നിറവേറ്റുന്നതിന് ഹൃദയം കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുന്നു. ഹൃദയത്തിന് അമിത സമ്മർദ്ദം നല്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. കൂടാതെ അമിതമായി വ്യായാമം ചെയ്യുമ്പോൾ ശരീരം കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ഇത് മാനസിക പിരിമുറുക്കത്തിനും ഏകാഗ്രതക്കുറവിനും കാരണമാകുന്നു. അമിത വ്യായാമം ഉറക്കത്തേയും ദോഷകരമായി ബാധിക്കുന്നു.
നിങ്ങളുടെ കായിക ക്ഷമതയും ദിനചര്യയും അനുസരിച്ച്, വ്യായാമവും വിശ്രമിക്കുന്ന സമയവും നിർണയിക്കുക. ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ മിതമായ വ്യായാമം ചെയ്യുന്നത് ആരോഗ്യം നിലനിറുത്താൻ സഹായിക്കും.