fight

കൊല്ലം: ഓവർടേക്ക് ചെയ്‌തതിനെ ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിലുള‌ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. കൊട്ടാരക്കരയ്‌‌ക്കടുത്ത് പുത്തൂരാണ് സംഭവം. ആക്രമണത്തിൽ ശാസ്‌താംകോട്ട സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ സുഗുണനും കുടുംബത്തിനുമാണ് നടുറോഡിൽ മർദ്ദനമേറ്റത്.

പുത്തൂർ സ്വദേശികളായ ജിബിൻ, ജിനുജോൺ എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഓവർടേക്ക് ചെയ്‌തതുമായി ബന്ധപ്പെട്ട് കാറിൽ സഞ്ചരിക്കുകയായിരുന്ന സുഗുണൻ, ഭാര്യ പ്രിയ, മകൻ അമൽ എന്നിവരെ ഇവ‌ർ അസഭ്യം പറയുകയും കാർ തടയാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് നടന്ന തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. അമലിന്റെ തലയിൽ യുവാക്കൾ കൈയിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് നിരന്തരം മർദ്ദിക്കുകയും നിലത്തുവീണപ്പോൾ ചവിട്ടുകയും ചെയ്‌തു. എസ്.ഐയും കുടുംബവും അടുത്തുള‌ള സ്വകാര്യ ആശുപത്രിയി ചികിത്സ തേടി.

മ‌ർദ്ദനമേറ്റ അമലിന്റെ പരിക്ക് ഗൗരവകരമാണ്. തലയിൽ ഏഴ്‌ തുന്നലുകളുണ്ട്. യുവാക്കളെ പുത്തൂ‌ർ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. ഇരുവിഭാഗവും രമ്യതയിലെത്തിയതായാണ് വിവരങ്ങൾ. സമൂഹമാദ്ധ്യമങ്ങളിൽ തല്ല് ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.