
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി ദിലീപിന്റെ ഭാര്യയും കേസിലെ സാക്ഷിയുമായ കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈം ബ്രാഞ്ച്. എന്നാൽ വീട് ഒഴിച്ചുള്ള മറ്റ് സ്ഥലങ്ങളിലെത്താൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. താൻ കേസിലെ സാക്ഷിയാണെന്നും അതിനാൽ തന്നെ ചോദ്യം ചെയ്യലിന് തനിക്ക് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും കാവ്യ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. നിയമാനുസൃതമായി അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്നെ ചോദ്യം ചെയ്യാമെന്നും കാവ്യ നിലപാടെടുത്തു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവയിലെ ഭർത്തൃവസതിയായ പത്മസരോവരത്തിലെത്തി ചോദ്യം ചെയ്യാമെന്ന് എസ്.എം.എസിലൂടെ കാവ്യ ക്രൈംബ്രാഞ്ചിനെ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. എന്നാൽ കേസിലെ മുഖ്യപ്രതിയായ ദിലീപിന്റെ സാന്നിദ്ധ്യത്തിൽ കാവ്യയെ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് താത്പര്യമില്ലെന്നാണ് അറിയാൻ സാധിക്കുന്നത്.
കാവ്യയ്ക്ക് ഇന്ന് രാവിലെ 11ന് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നേരത്തേ നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് ഇന്നലെ വൈകിട്ടാണ് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചത്. ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ചോദ്യം ചെയ്യാനുള്ള ക്രൈം ബ്രാഞ്ച് നീക്കവും ഇതോടെ ത്രിശങ്കുവിലായി.
വിദേശത്തായിരുന്ന കാവ്യ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയിരുന്നു. ചെന്നൈയിൽ നിന്ന് ഇന്ന് രാവിലെ കാവ്യ ആലുവയിലെ വീട്ടിൽ മടങ്ങിയെത്തി. കാവ്യയെ സംശയനിഴലിൽ നിറുത്തുന്ന ചില ശബ്ദസന്ദേശങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ക്രൈംബ്രാഞ്ച് ലക്ഷ്യം. ഈ മാസം 15ന് മുമ്പായി തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. കോടതി അവധിയായതിനാൽ 18 വരെ പൊലീസിന് സമയം ലഭിക്കും. മൂന്ന് മാസം കൂടി സമയം നീട്ടിനൽകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതി ഇക്കാര്യം പരിഗണിച്ചിട്ടില്ല.