
ന്യൂഡൽഹി: മാതാപിതാക്കൾ തമ്മിലുള്ള വിവാഹമോചന കേസിൽ അമ്മയ്ക്കെതിരെ മൊഴി നൽകി 27കാരനായ മകൻ. തനിക്ക് ഏഴ് വയസുള്ളപ്പോൾ അമ്മ പുറത്തുപോകുന്ന അവസരത്തിൽ തന്നെ മണിക്കൂറുകളോളം ടോയ്ലറ്റിൽ പൂട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുമായിരുന്നെന്ന് മകൻ സുപ്രീം കോടതിയിൽ മൊഴി നൽകി. സുപ്രീം കോടതി ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവർ അദ്ധ്യക്ഷന്മാരായ രണ്ടംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.
1988ൽ വിവാഹിതരായ ദമ്പതികൾ 14 വർഷത്തിന് ശേഷം 2002ൽ വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഭർത്താവാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമർപ്പിച്ചത്. ഭർത്താവിന്റെ ആവശ്യം എതിർത്ത ഭാര്യ വിവാഹമോചിത എന്ന പേരിൽ സമൂഹത്തിൽ കഴിയാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന വാദം ഉയർത്തുകയായിരുന്നു. തന്റെ മകനോട് സംസാരിക്കണമെന്ന ഭാര്യയുടെ ആവശ്യത്തെതുടർന്ന് കോടതി മകനോട് അമ്മയുമായി സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
കോടതിയുടെ ആവശ്യം നിരസിച്ച മകൻ തുടർന്ന് താൻ നേരിട്ട പീഡനങ്ങളെകുറിച്ച് പറഞ്ഞ് പൊട്ടിതെറിക്കുകയായിരുന്നു. എന്നാൽ നേരത്തെ പഠിപ്പിച്ച തിരക്കഥയനുസരിച്ച് മകൻ സംസാരിക്കുകയാണെന്നും ഇത്തരത്തിലൊന്നും നടന്നിട്ടില്ലെന്നും ഭാര്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ മകന് 27 വയസുണ്ടെന്നും പറയുന്ന കാര്യങ്ങൾ നിസാരമാക്കി തള്ളിക്കളയാനാകില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ 20 വർഷത്തോളമായി ഈ കേസ് നടക്കുകയാണെന്നും ഒരിക്കൽപോലും ഭാര്യ തന്റെ മകനെ വിട്ടുകിട്ടണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഭർത്താവിന്റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. വിവാഹമോചനം ഫയൽ ചെയ്ത അന്നുമുതൽ മകൻ പിതാവിനോടൊപ്പമാണ് കഴിയുന്നത്.