
ഇസ്ലാമാബാദ്: നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രി പദവിയിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ പകരം രാജ്യത്തെ 23ാമത് പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ചടങ്ങിന് നേതൃത്വമേകാൻ പാകിസ്ഥാൻ പ്രസിഡന്റ് ഡോ.ആരിഫ് ആൽവി ഉണ്ടാകില്ല.
ദിവസങ്ങളായി നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രസിഡന്റിന് ഇന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തനിക്ക് ബുദ്ധിമുട്ടുളള വിവരം പ്രസിഡന്റ് ഡോക്‌ടർമാരെ അറിയിച്ചു. വിശദമായി പരിശോധിച്ച ഡോക്‌ടർമാർ ആരിഫ് ആൽവിയ്‌ക്ക് കുറച്ച് ദിവസത്തേക്ക് വിശ്രമം നിർദ്ദേശിച്ചു. വിവരം പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പുറത്തുവിട്ടു. പുതിയ പ്രധാനമന്ത്രിയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക സ്‌പീക്കർ ആയാസ് സാദിഖ് ആകും എന്നാണ് വിവരം.
പൊതുതിരഞ്ഞെടുപ്പിന് ഇനി 15 മാസങ്ങൾ ബാക്കിയുണ്ട് പാകിസ്ഥാനിൽ. ഇക്കാലയളവിൽ രാജ്യം ഭരിക്കുക 70കാരനായ ഷഹബാസ് ആകും. ശനി,ഞായർ ദിവസങ്ങളിൽ രാത്രി ഏറെ വൈകി നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് ഇമ്രാൻ പുറത്താക്കപ്പെട്ടത്. തുടർന്ന് പ്രതിപക്ഷ കക്ഷികൾ ഷഹബാസിനെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. മുൻപ് സഹോദരൻ നവാസ് ഷെരീഫിനെ പുറത്താക്കിയ സമയത്ത് 2017ൽ പ്രധാനമന്ത്രി പദവി ഷെഹബാസിനെ തേടിയെത്തിയതാണ്. എന്നാൽ അന്ന് അദ്ദേഹം അതേറ്റെടുക്കാൻ തയ്യാറായില്ല.
President Dr. Arif Alvi has complained of discomfort. The physician has examined him thoroughly and has advised him rest for a few days.— The President of Pakistan (@PresOfPakistan) April 11, 2022