kk

അഹമ്മദാബാദ്: മുസ്ലീങ്ങള്‍ക്ക് നോമ്പ് മുറിക്കാന്‍ ക്ഷേത്രം തുറന്നുനല്‍കി ഗുജറാത്തിലെ ക്ഷേത്രം. ബനസ്‌കാന്തയിലെ ദാല്‍വാന ഗ്രാമത്തിലുള്ള 1200 വര്‍ഷം പഴക്കമുള്ള വരന്ദ വിര്‍ മഹാരാജ് ക്ഷേത്രമാണ് മതസൗഹാര്‍ദ്ദത്തിന്റെ ഉജ്ജ്വല മാതൃകയായത്.

ഗ്രാമത്തിലെ മുസ്ലീങ്ങളെ നോമ്പ് തുറ ചടങ്ങിൽ പങ്കെടുക്കാന്‍ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ക്ഷേത്രത്തില്‍ ഇത്തരമൊരു ചടങ്ങ് നടക്കുന്നതെന്ന് ക്ഷേത്രപുരോഹിതൻ പങ്കജ് താക്കര്‍ പറഞ്ഞു. ക്ഷേത്ര ട്രസ്റ്റും ഗ്രാമ പഞ്ചായത്തും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ആറ് പഴവര്‍ഗങ്ങള്‍, ഈന്തപ്പഴം, സര്‍ബത്ത് എന്നിവയാണ് നോമ്പ് തുറയ്ക്കായി ഒരുക്കിയിരുന്നത്. ഹൈന്ദവ സഹോദരങ്ങളുടെ ഉത്സവങ്ങള്‍ മുസ്ലീം വിഭാഗത്തിലുള്ളവര്‍ ഒരുമിച്ചുനിന്ന് ആഘോഷിക്കാറുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത വസീം ഖാന്‍ പറഞ്ഞു. ജാതിയുടേയും മതത്തിന്റേയും വ്യത്യാസമില്ലാതെയാണ് ഇവിടെ ഏതൊരു ആഘോഷവും സംഘടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ക്ഷേത്രത്തില്‍ ഇത്തരമൊരു പരിപാടി നടത്തുന്ന കാര്യം വിവിധ മത നേതാക്കളുമായി സംസാരിച്ച് തീരുമാനിക്കുകയായിരുന്നുവെന്ന് ഗ്രാമമുഖ്യന്‍ പറഞ്ഞു.