
കൊല്ലം: മദ്യലഹരിയിൽ വൃദ്ധയായ മാതാവിനെ മർദ്ദിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ചവറ വടക്കുംഭാഗം പരുത്തിക്കൽ വീട്ടിൽ ഓമനഅമ്മയെ (84) രണ്ടാമത്തെ മകൻ ഓമനക്കുട്ടനാണ് (55) മർദ്ദിച്ചത്. താൻ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം സഹോദരന് എടുത്തുനൽകിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. തടയാൻ ശ്രമിച്ച സഹോദരൻ ബാബുവിനെയും ആക്രമിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.
ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് സമീപിച്ചെങ്കിലും മകനെതിരെ പരാതി നൽകാൻ ഓമനഅമ്മ ആദ്യം തയ്യാറായില്ല. ശരീരത്തിലെ പാടുകൾ മറിഞ്ഞുവീണുണ്ടായതാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നീട് മൊഴി നൽകിയതോടെ ഓമനക്കുട്ടനെ ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റുചെയ്തു
മാതാവിനെ ഓമനക്കുട്ടൻ കുനിച്ചുനിറുത്തി നടുവിന് തുടർച്ചയായി മർദ്ദിച്ചു. കൈയിൽ പിടിച്ച് തൂക്കിയെടുത്ത് പടിയിലേക്ക് വലിച്ചെറിഞ്ഞു. വീണ്ടും തൂക്കിയെടുത്ത് പിൻഭാഗത്ത് പലതവണ വടി കൊണ്ട് അടിച്ചു. ഉച്ചത്തിൽ നിലവിളിച്ചിട്ടും വിട്ടില്ല. ഉദരഭാഗത്ത് വടി കുത്തിക്കയറ്റാനും ശ്രമിച്ചു. മുടിയിൽ പിടിച്ച് ചുഴറ്റിയെറിയാനും ശ്രമിച്ചു. അമിതമായി മദ്യപിച്ചിരുന്നതിനാൽ നിലത്ത് കാലുറയ്ക്കാത്ത നിലയിലായിരുന്നു ഓമനക്കുട്ടൻ.
ഓമനഅമ്മയ്ക്ക് നാല് മക്കളുണ്ട്. ഇതിൽ ബാബുവും ഓമനക്കുട്ടനും മാതാവിനൊപ്പമാണ് താമസം. ഇരുവരും വിവാഹിതരാണെങ്കിലും ഭാര്യമാരും മക്കളും വേറെ വീടുകളിലാണ് താമസം. ഓമനക്കുട്ടൻ സ്ഥിരമായി മദ്യപിച്ചെത്തി ഓമനഅമ്മയെ മർദ്ദിക്കാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. തടസം പിടിക്കാൻ ചെല്ലുന്നവരെ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുന്നതിനാൽ അടുത്തകാലത്തായി ആരും ഇടപെടാറില്ല.
ദൃശ്യം പകർത്തിയത് വിദ്യാർത്ഥി
ഓമനക്കുട്ടൻ ഓമനഅമ്മയെ മർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസിയായ വിദ്യാർത്ഥിയാണ് അത് മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങൾ പിന്നീട് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. റൂറൽ എസ്.പി ആവശ്യമായ നടപടികൾ സ്വീകരിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു.