
തിരുവനന്തപുരം: കെ എസ് ഇ ബി തർക്കത്തിൽ സമരക്കാരുമായി നേരിട്ട് ചർച്ചയ്ക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. സമരത്തിൽ മന്ത്രിയോ മുന്നണിയോ ഇടപെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കെ എസ് ഇ ബി ചെയർമാനുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മന്ത്രിതല ചർച്ചയില്ലെന്നും പ്രശ്ന പരിഹാരത്തിന് ചെയർമാൻ തന്നെ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സമരം നീട്ടുക്കൊണ്ടുപോകാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചെയർമാനെ മാറ്റണമെന്നാവശ്യപ്പെടാൻ യൂണിയന് അധികാരമില്ലെന്ന് മന്ത്രി വ്യക്തമാക്കി. കെ എസ് ഇ ബിയിൽ മുമ്പും സമരങ്ങളുണ്ടായിട്ടുണ്ട്. അത് സ്വാഭാവികമാണ്. സംഘടനയുമായി ചർച്ച നടത്താൻ ചെയർമാന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.