jagath

ലോകത്തെ അതിസമ്പന്നന്മാരായി കണക്കാക്കുന്ന ഇലോൺ മസ്കിനെയും ജെഫ് ബസോസിനെയം ബിൽ ഗേറ്റ്‌സിനെയും വരെ പിന്നിലാക്കുന്ന നിധിശേഖരം ഇന്ത്യയിലുണ്ടെന്നാണ് ചരിത്രം പറയുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് വരുന്നതിന് മുന്നേ ഇന്ത്യ അറിയപ്പെട്ടിരുന്നത് സ്വർണ പക്ഷി എന്ന പേരിലാണ്.

പിന്നീട് പല കാലങ്ങളായി കൊള്ളയടിക്കപ്പെട്ടെങ്കിലും ചരിത്രത്തിൽ ധനികന്മാരുടെ പട്ടികയിൽ ഇന്നും ചേർത്തു വായിക്കേണ്ട ചില പേരുകളുണ്ട്. മുർഷിദാബാദിലെ ജഗത് സേത്ത് അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ആളാണ്. പതിനെട്ടാം നൂറ്റാണ്ട് കാലഘട്ടത്തിൽ ബംഗാളിൽ ജീവിച്ചിരുന്നയാളാണ് സേത്ത് ഫത്തേചന്ദ്. മുഗൾ രാജാവായിരുന്ന മുഹമ്മദ് ഷായാണ് ജഗത് സേത്ത് എന്ന പേര് അദ്ദേഹത്തിന് നൽകിയത്.
ജഗത് സേത്ത് എന്നാൽ ലോകത്തിന്റെ ബാങ്കർ എന്നാണർത്ഥം. ആ പേരിൽ നിന്നും തന്നെ ആ കുടുംബത്തിന്റെ ആസ്തി എത്രയായിരിക്കുമെന്ന ഊഹിക്കാം. സേത്ത് മണിക് ചന്ദാണ് ഈ കുടുംബത്തിന്റെ സ്ഥാപകൻ. മാർവാറിൽ താമസിച്ചിരുന്ന ഇവർ എഡി 1495ൽ പൂർണമായും ജൈനമതത്തിലേക്ക് മാറിയെന്നാണ് ചരിത്രം പറയുന്നത്. ഈ കുടുംബത്തിലെ ഹിരാനന്ദ് സാഹു 1652ൽ മാർവാർ ഉപേക്ഷിച്ച് പട്നയിലേക്ക് താമസം മാറ്റി.
ആ കാലത്ത് പാട്ന പ്രധാനപ്പെട്ട വ്യാപാര മേഖലയായിരുന്നു. അവിടെ പണം പലിശയ്ക്ക് കൊടുത്തും ചെറിയ ചില ബിസിനസുകളുമായി ഹീരാനന്ദ് സാഹു ജീവിച്ചിരുന്നു. അധികം വൈകാതെ, രാസപദാർത്ഥമായ സാൾട്ട് പീറ്റർ വിൽക്കുന്ന സ്ഥാപനവും ആരംഭിച്ചു. യൂറോപ്പുകാരായിരുന്നു ഈ രാസപദാർത്ഥം ഏറ്റവുമധികം വാങ്ങിയിരുന്നത്.

jagath

അക്കാലത്തെ ബ്രിട്ടീഷുകാരുടെ ധനസ്ഥിതി ജഗത് സേത്ത് കുടുംബത്തേക്കാൾ ഏറെ താഴെയായിരുന്നുവെന്നാണ് ചില ചരിത്ര ഗ്രന്ഥങ്ങൾ പറയുന്നത്. ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ പോലും ജഗത് സേത്ത് കുടുംബത്തിന്റെ സമ്പത്തിനെ കുറിച്ച് വാർത്തകൾ വന്നിരുന്നു. ഇംഗ്ലണ്ടിലെ എല്ലാ ബാങ്കുകളും കൂട്ടി യോജിപ്പിച്ചാലും സേത്ത് കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയിലേക്ക് എത്തില്ല എന്നായിരുന്നു വാർത്ത. ഏഴ് ആൺ മക്കളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മക്കളിലൊരാളായ മണിക് ചന്ദ് അക്കാലത്ത് ധാക്കയിലെത്തി. അദ്ദേഹം ധാക്കയിൽ പുതിയ ബിസിനസുകൾ ആരംഭിച്ചു. വലിയ തോതിൽ സമ്പത്തും പേരുമുണ്ടാക്കിയെടുത്തു. ബംഗാളിലെ അറിയപ്പെടുന്ന ജഗത് സേത്ത് കുടുംബത്തിന് അടിത്തറയിട്ടതും അദ്ദേഹമാണ്.

അക്കാലത്ത് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും കുടുംബത്തിന് ഓഫീസുകൾ ഉണ്ടായിരുന്നു. ബംഗാളിലെ നവാബായിരുന്ന മുർഷിദ് കുലിഖാനുമായി മണിക് ചന്ദിന് നല്ല സൗഹൃദമുണ്ടായിരുന്നു. സേത്ത് കുടുംബത്തിന്റെ ഓഫീസുകൾ വഴി മാണിക് ചന്ദും നവാബും പണം കൈമാറ്റം ചെയ്യൽ തുടങ്ങി. അധികം വൈകാതെ നവാബിന്റെ ട്രഷററായി മണിക് ചന്ദിനെ നിയമിച്ചു.

jagath

വിദേശശക്തികൾക്ക് ഇന്ത്യയിലെ ചെറുരാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യാനുള്ള പണം വായ്പയായി നൽകിയതും ഈ കുടുംബമാണെന്ന് ചരിത്രം പറയുന്നു. മണിക് ചന്ദിന്റെ ദത്തുപുത്രൻ ഫത്തേ ചന്ദാണ് സമ്പത്തും പ്രതാപും വർദ്ധിപ്പിച്ചത്. സെൻട്രൽ ബാങ്കിനോടാണ് ചരിത്രകാരന്മാർ സേത്ത് കുടുംബത്തെ ഉപമിച്ചിരുന്നത്.

പണവും സ്വർണവും വാങ്ങുകയും വിൽക്കുകയും ചെയ്യൽ, ചക്രവർത്തിമാർക്കും രാജാക്കന്മാർക്കും പണം വായ്പ നൽകൽ, വിദേശവ്യാപാരികളുമായുള്ള ഇടപാട് തുടങ്ങി എല്ലാത്തിലും ഈ കുടുംബം സാന്നിദ്ധ്യം അറിയിച്ചിരുന്നു. പ്ലാസി യുദ്ധത്തിലാണ് ജഗത് സേത്ത് കുടുംബത്തിന്റെ അടിത്തറ ഇളകിയത്.

മിർ ജാഫ നവാബായി എത്തിയതോടെ ജഗത് സേത്തിനെയും മറ്റു പ്രമുഖരായ സേത്ത് മാധബ് റായ്, സ്വരൂപ് ചന്ദ് എന്നിവരെയെല്ലാം കൊലപ്പെടുത്തി. മാത്രവുമല്ല, മൃതദേഹങ്ങൾ മുൻഗ കോട്ടയിൽ നിന്നും വലിച്ചെറിയുകയും ചെയ്തു. ഇതോടെ അവർ തകർച്ചയിലേക്ക് വീഴാൻ തുടങ്ങി.

പണം വാങ്ങിയ വിദേശ ശക്തികളെല്ലാം പണം തിരിച്ചുകൊടുക്കാൻ വിമുഖത കാട്ടി. 1857ലെ കലാപത്തോടെ ആ സമ്പന്ന കുടുംബം പൂർണമായും തകർന്നു. ജഗത് സേത്തിന്റെ സ്മരണാർത്ഥം ഇന്നിപ്പോൾ അവരുടെ വീട് ഒരു മ്യൂസിയമായി മാറ്റിയിരിക്കുകയാണ്.