
ന്യൂഡൽഹി: ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനവും സ്ഥിരതയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്റെ 23-ാമത് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് കൊണ്ടുള്ള കുറിപ്പിലാണ് മോദിയുടെ പ്രസ്‌താവന.
ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനവും സ്ഥിരതയുള്ള ഭീകരവിരുദ്ധമായ പ്രദേശം ഉണ്ടാകണം എന്നതുമാണ്. എങ്കിലേ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ആളുകളുടെ അഭിവൃദ്ധിയും സൗഖ്യവും ഉറപ്പിക്കാനും കഴിയുകയുള്ളൂവെന്ന് പ്രധാനമന്ത്രി കുറിച്ചു.
Congratulations to H. E. Mian Muhammad Shehbaz Sharif on his election as the Prime Minister of Pakistan. India desires peace and stability in a region free of terror, so that we can focus on our development challenges and ensure the well-being and prosperity of our people.
— Narendra Modi (@narendramodi) April 11, 2022
അതേസമയം, കാശ്‌മീർ വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷെഹബാസ് ഷെരീഫ് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയുമായി നല്ല ബന്ധത്തിന് കാശ്‌മീർ പ്രശ്നത്തിന് പരിഹാരമുണ്ടാകണമെന്നും പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ദാരിദ്ര്യ നിർമാർജനത്തിനായി ഇരു രാജ്യങ്ങൾക്കും ഒന്നിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) അദ്ധ്യക്ഷനുമായ ഷെഹബാസാണ് പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ച് ഇമ്രാനെ താഴെയിറക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. മൂന്നുതവണ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്നു ഷെഹബാസ്.