
വണ്ണം കുറയ്ക്കാൻ നിരവധി മാർഗങ്ങൾ പരീക്ഷിച്ചിട്ടും വിജയിക്കാതെ പിന്തിരിഞ്ഞവരായി ഒട്ടനവധി പേർ കാണും. പലപ്പോഴും വണ്ണം കുറയ്ക്കാനായി സ്വീകരിയ്ക്കുന്ന തെറ്റായ മാർഗങ്ങളാകും തിരിച്ചടിയാകുന്നത്.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാതിരുന്നാൽ നിരവധി ഗുരുതര രോഗങ്ങൾ തേടിയെത്തും. സാധാരണ കൊഴുപ്പിനെക്കാളും ശ്രദ്ധ നൽകേണ്ടത് വിസറൽ ഫാറ്റിനാണ്. ശരീരത്തിലെ അവയവങ്ങളോട് ചേർന്നാണ് വിസറൽ ഫാറ്റ് കാണാറുള്ളത്. കുടവയർ രൂപപ്പെടുന്നതിന് പിന്നിലും വിസറൽ ഫാറ്റാണ്. ഹിഡൻ ഫാറ്റെന്നും ഇത് അറിയപ്പെടുന്നു. ടൈപ്പ്-2 പ്രമേഹം, ക്യാൻസർ, സ്ട്രോക്ക്, ചിലപ്പോഴൊക്കെ ഹൃദ്രോഗത്തിന് വരെ ഇത് കാരണമാകുന്നു.
കൃത്യമായ വ്യായാമവും ഡയറ്റും നോക്കിയാൽ ശരീരത്തിലെ അമിത കൊഴുപ്പിനെ നിയന്ത്രിയ്ക്കാനാകും. ഡയറ്റ് നോക്കുമ്പോൾ ചില തെറ്റായ രീതികൾ പിന്തുടരാതെ ശ്രദ്ധിയ്ക്കണം. സാധാരണ സംഭവിക്കാറുള്ള ചില തെറ്റുകൾ ഇവയാണ്...
1. പട്ടിണി: പലപ്പോഴും വണ്ണം കുറയ്ക്കുന്നതിനായി ആളുകൾ പട്ടിണി കിടക്കുന്നു. കലോറി ഉപഭോഗം കുറയ്ക്കുന്നതിനായാണ് ഈ മാർഗം പിന്തുടരുന്നത്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ പട്ടിണി കിടക്കുന്നത് തെറ്റായ പ്രവണതയാണ്. ആവശ്യത്തിന് ഭക്ഷണം കഴിക്കാത്തതും വിസറൽ ഫാറ്റ് ശേഖരണത്തിന് കാരണമാകും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ശരീരത്തിന് കുറച്ച് കലോറി ആവശ്യമാണ്. പ്രോട്ടീനടങ്ങിയ ഭക്ഷണം കഴിക്കുകയും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുകയുമാണ് വേണ്ടത്.
2. കാർബോഹൈഡ്രേറ്റ്: വിസറൽ ഫാറ്റ് കുറയ്ക്കാനായി ശ്രമിക്കുമ്പോൾ ആളുകൾ ചെയ്യുന്ന ഒരു സാധാരണ തെറ്റാണ് ഭക്ഷണത്തിൽ നിന്ന് കൊഴുപ്പ് അടങ്ങിയവ ഒഴിവാക്കുക എന്നത്. ശരീരഭാരം കുറയ്ക്കുവാൻ അനാരോഗ്യകരമായ കൊഴുപ്പുകളുടെ ഉപഭോഗത്തിന് നിയന്ത്രണം വേണം. എന്നാൽ എല്ലാ കൊഴുപ്പുകളും അനാരോഗ്യകരമല്ല. വയറിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനായി കാർബോഹൈഡ്രേറ്റ് ഉപഭോഗം പരിമിതപ്പെടുത്തുകയും ആരോഗ്യകരമായ രീതിയിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം.
3. മദ്യപാനം ഒഴിവാക്കുക: വിസറൽ ഫാറ്റ് കുറയ്ക്കാനായി കുടിക്കുന്ന പാനീയങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിസറൽ ഫാറ്റ് വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മദ്യപാനം. മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക. കൂടാതെ, അമിതമായ പഞ്ചസാര അടങ്ങിയ സോഡകൾ, എനർജി ഡ്രിംഗുകൾ, ജ്യൂസുകൾ, മറ്റ് പാനീയങ്ങൾ എന്നിവയുടെ ഉപയോഗവും നിയന്ത്രിക്കുക.
4. ഒറ്റ രാത്രി കൊണ്ട് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത്: ഒറ്റരാത്രികൊണ്ട് കൊഴുപ്പ് അടിഞ്ഞുകൂടില്ല. ഇതുപോലെ, ഒറ്റ രാത്രികൊണ്ട് കുറയ്ക്കാനും കഴിയില്ല. ഭക്ഷണക്രമത്തിലും വ്യായാമത്തിലും സ്ഥിരത പുലർത്തുകയാണ് ശരിയായ വഴി. ഇതിന് കൂടുതൽ സമയമെടുത്തേക്കാം, പക്ഷേ അന്തിമഫലം നിങ്ങൾ ആഗ്രഹിച്ചത് തന്നെയാകും.
5. ഡയറ്റീഷ്യൻ: എല്ലായ്‌പ്പോഴും ഡയറ്റീഷ്യന്റെ നിർദേശപ്രകാരമുള്ള ഡയറ്റ് മാത്രം പിന്തുടരുക.