-ramdas-athawale-abvp

ന്യൂഡൽഹി: രാമനവമി പൂജയുടെയും മാംസാഹാരത്തിന്റെയും പേരിൽ കഴിഞ്ഞ ദിവസം ഡൽഹി ജെ എൻ യു ക്യാമ്പസിലെ കാവേരി ഹോസ്റ്റലിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ നടന്ന സംഘർഷത്തിൽ എബിവിപിയെ ന്യായീകരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി രംഗത്ത്. രാമനവമി ദിനത്തിൽ മാംസാഹാരം കഴിക്കരുതെന്ന എബിവിപി വിദ്യാർത്ഥികളുടെ നിലപാട് തെറ്റല്ലെന്നാണ് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെയുടെ പക്ഷം.

നമ്മുടെ രാജ്യം എല്ലാ സമുദായങ്ങളുടേതുമാണ്. അതിനാൽ എല്ലാവരുടെയും വികാരങ്ങൾ മാനിക്കപ്പെടണം. രാമനവമി ഹിന്ദുക്കളുടെ പവിത്രമായ ഉത്സവമാണ്. അത്രയും മഹത്വപൂർണമായ അവസരത്തിൽ ചില വിദ്യാർത്ഥികൾ മാംസാഹാരം കഴിക്കില്ല എന്ന നിലപാട് എടുത്തതിൽ താൻ തെറ്റൊന്നും കാണുന്നില്ല. ആഹാരം കഴിക്കുന്നതിനെ ചൊല്ലി സംഘർഷം ഉണ്ടാകരുതെന്നും ജനങ്ങൾ മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കണമെന്നും മന്ത്രി പറഞ്ഞു.

എ ബി വി പിയും ഇടത് സംഘടനകളും തമ്മിൽ കഴിഞ്ഞ ദിവസം ജെ എൻ യുവിൽ ഉണ്ടായ സംഘർഷത്തിൽ 16 പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിനു പിന്നാലെ ശക്തമായ പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കാമ്പസിനുള്ളിലെ കാവേരി ഹോസ്റ്റലിൽ മാംസാഹാരം വിലക്കിയ എ ബി വി പി പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണ് ഉണ്ടായതെന്നാണ് ഇടത് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചത്. എന്നാൽ മാംസാഹാരം വിളമ്പുന്നത് തങ്ങൾ എതിർത്തില്ലെന്നും രാമനവമി പൂജ നടത്താതിരിക്കാൻ ഇടത് വിദ്യാർത്ഥി സംഘടനകൾ അക്രമം അഴിച്ചുവിടുകയാണെന്നുമാണ് എ ബി വി പി ആരോപിച്ചത്.

ഞായറാഴ്ച രാത്രിയോടെ ജെ എൻ യു കാമ്പസിൽ ഏറ്റുമുട്ടിയ ഇരു വിഭാഗങ്ങളും പരസ്പരം കല്ലെറിയുകയും വ്യാപകമായ അക്രമം നടത്തുകയും ചെയ്തിരുന്നു. സംഘർഷത്തെ തുടർന്ന് രാമനവമി പൂജ സംഘടിപ്പിക്കാനോ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാനോ ഹോസ്റ്റൽ അധികൃതർ വിദ്യാർത്ഥികൾക്ക് അനുമതി നൽകിയില്ല. കാവേരി ഹോസ്റ്റലിലെ വാർഡൻ ഞായറാഴ്ച നൽകിയ നോട്ടീസിൽ മതപരമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മുൻകൂറായി അനുമതി വാങ്ങണമെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഘർഷത്തിന് പിന്നാലെ ജെ.എൻ.യു വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധൂലിപ്പുടി കാവേരി ഹോസ്റ്റൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.