boat-safari

ജലാശയങ്ങളെ കീറിമുറിച്ചുകൊണ്ട് പ്രകൃതിയുടെ സൗന്ദര്യം അറിഞ്ഞുള്ള യാത്ര ഇഷ്ടപ്പെട്ടാത്തവർ ചുരുക്കമായിരിക്കും. കുറഞ്ഞ ചെവലിൽ അത്തരമൊരു യാത്ര തരപ്പെട്ടാലോ? എങ്കിൽപ്പിന്നെ ഒരു കൈ നോക്കാമല്ലേ.

വെറും 400 രൂപയ്ക്ക് 2 മണിക്കൂർ കടൽ യാത്ര. കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നിന്ന് കടലിലേക്ക് ക്ളിയോപാട്ര എന്ന ആഡംബര ബോട്ടിൽ ചുറ്റിയടിക്കാം. രണ്ടു മണിക്കൂർ നീളുന്ന യാത്രയ്ക്കു 400 രൂപയാണ് ആളൊന്നിന് നിരക്ക്. കൊടുങ്ങല്ലൂർ കോട്ടപ്പുറം ഫോർട്ട് ജട്ടിയിൽ നിന്ന് സർവീസ് ആരംഭിച്ചു കഴിഞ്ഞു. ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ സഹകരണത്തോടെ മുസിരിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സർവീസ് നടത്തുന്നത്.

സഹോദരൻ അയ്യപ്പൻ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, അഴീക്കോട് പുലിമുട്ട്, മുനയ്ക്കൽ എന്നീ പ്രദേശങ്ങളിലൂടെ കടന്ന് കടലിലേക്ക് സഞ്ചരിച്ച് കോട്ടപ്പുറം ഫോർട്ട് ജെട്ടിയിൽ തിരിച്ചെത്തും. എ സി, നോൺ എ സി ഇരിപ്പിട സംവിധാനമുണ്ട്. ഗൈഡ്, ഗായകർ, വിനോദ പരിപാടികൾ എന്നിവയും യാത്രയിൽ ആസ്വദിക്കാം. ഇതിനൊപ്പം ലഘുഭക്ഷണവും യാത്രക്കാർക്ക് നൽകും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും യാനത്തിലുണ്ടാകും. നൂറ് പേർക്ക് യാത്ര ചെയ്യാം. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യം. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 6:30 വരെയാണ് സമയം. കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക സ്റ്റുഡന്റ് ക്രൂസ് പാക്കേജും ലഭ്യമാണ്.