
ഇരുപത്തിയൊന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം ഹർനാസ് സന്ധുവിലൂടെയാണ് ഇന്ത്യയിലേയ്ക്ക് വിശ്വസുന്ദരി പട്ടം എത്തിയത്. ഈ നേട്ടത്തിൽ രാജ്യമാകെ അവരെ അഭിനന്ദിച്ചെങ്കിലും പിന്നീട് തടി കുറച്ച് കൂടി എന്നതിന്റെ പേരിൽ ഹർനാസിന് സമൂഹ മാദ്ധ്യമങ്ങളിലൂടെ ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്നു. ട്രോളുകൾ പ്രചരിക്കാൻ തുടങ്ങിയതോടെ ഹർനാസ് പ്രതികരണവുമായി എത്തിയിരുന്നു. തനിക്ക് സിലിയാക്ക് എന്ന രോഗമാണെന്നും അതിനാലാണ് ശരീരഭാരം കൂടുന്നതെന്നും വിശ്വസുന്ദരി പറഞ്ഞിരുന്നു. എന്താണ് സിലിയാക്ക് രോഗം, അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും, ലക്ഷണങ്ങൾ, ചികിത്സ എന്നീ കാര്യങ്ങൾ നോക്കാം.
സിലിയാക്ക് രോഗം
രോഗപ്രതിരോധവും ദഹനശേഷിയും കുറയ്ക്കുന്ന ഒരു രോഗമാണ് സിലിയാക്ക്. ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളിൽ കാണപ്പെടുന്ന ഗ്ലൂട്ടനിന്റെ അലർജിയാണ് ഈ രോഗം വരാനുള്ള കാരണം. അതിനാലാണ് ഈ അസുഖം ഉള്ളവർ ധാന്യങ്ങൾ കഴിക്കാൻ പാടില്ലെന്ന് ഡോക്ടർമാർ പറയുന്നത്.
ആരോഗ്യത്തെ എങ്ങനെ ബാധിക്കും
ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗിയുടെ ചെറുകുടലിൽ അലർജിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. കാലക്രമേണ ഇത് കുടലിന്റെ പ്രവർത്തനങ്ങൾ തകരാറിലാക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവിനെ നശിപ്പിക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ
ക്ഷീണം, വയർ വീർത്തിരിക്കുക, ദഹനശേഷി കുറയുക, ശരീരഭാരം കുറയുക അല്ലെങ്കിൽ കൂടുക, അസ്ഥികളുടെ ബലം കുറയുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അപൂർവമായി കുടൽ ക്യാൻസർ വരാനും സിലിയാക്ക് രോഗം കാരണമാകുന്നു.
ചികിത്സ
ഈ രോഗത്തിന് പ്രത്യേക ചികിത്സകൾ ഒന്നും തന്നെയില്ല. അതിനാൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാനായി ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാനാണ് ആരോഗ്യ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നത്.