
ഇറ്റാനഗർ: രാജ്യത്ത് തദ്ദേശീയമായി നിർമിച്ച 'ഡോർണിയർ 228' ന്റെ ആദ്യ വാണിജ്യ പറക്കൽ ഇന്ന്. 17 സീറ്റുള്ള 'ഡോർണിയർ 228' അസമിലെ ദിബ്രുഗഢിൽ നിന്ന് പറന്നുയരും. അരുണാചൽ പ്രദേശിലെ പാസിഘട്ടാണ് ലക്ഷ്യം. ഇന്ത്യയിൽ നിർമിച്ച ആദ്യ വാണിജ്യവിമാനമാണിത്.
എസി ക്യാബിനോടുകൂടിയ 'ഡോർണിയർ 228' രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വ്യോമ ബന്ധം ശക്തമാക്കാൻ വിമാനം സഹായിക്കും.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു എന്നിവരുടെ സാന്നിദ്ധ്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്തിന്റെ കന്നിപറക്കല്‍ ഫ്ലാഗ് ഒഫ് ചെയ്യും.
ഉഡാൻ പദ്ധതിയുടെ ഭാഗമായി 17 സീറ്റുകളുള്ള രണ്ട് 'ഡോർണിയർ 228' വിമാനങ്ങൾ വാടകയ്‌ക്കെടുക്കാനായി ഫെബ്രുവരിയിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി കേന്ദ്രത്തിന്റെ കീഴിലുള്ള അലയൻസ് എയർ കരാർ ഒപ്പിട്ടത്. ഏപ്രിൽ 7 നാണ് എയർലൈൻസിന് ആദ്യത്തെ വിമാനം ലഭിച്ചത്. 'ഡോർണിയർ 228' വിമാനങ്ങൾ സായുധ സേനകൾ മാത്രമാണ് ഇത്രയും നാൾ ഉപയോഗിച്ചിരുന്നത്.
വിമാനങ്ങളുടെ ലാൻഡിംഗിനായി ഇന്ത്യൻ എയർഫോഴ്‌സിന്റെ അഡ്വാൻസ്‌ഡ് ലാൻഡിംഗ് ഗ്രൗണ്ടുകളാണ് ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അരുണാചൽ പ്രദേശിലെ തെസുവിലേക്കും തുടർന്ന് സിറോയിലേക്കും വിമാനം സർവീസ് നടത്തും. രണ്ടാം ഘട്ടത്തിൽ വിജയനഗർ, മെചുക, അലോംഗ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വീസ് നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Alliance Air will take off into the skies of Arunachal Pradesh with its #MadeInIndia fleet - HAL Dornier 228, working towards a mission to connect the North-Eastern Region of India to enhance commerce and economic growth. pic.twitter.com/4IYmNQwr54
— Alliance Air (@allianceair) April 9, 2022