
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയായ നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തു.
നഷ്ട പരിഹാരം നൽകിയുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്കും കഴിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അപ്പീൽ നൽകാൻ ബന്ധുക്കൾക്ക് സഹായം ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കി. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്. നയതന്ത്രതലത്തിൽ പ്രശ്നപരിഹാരത്തിന് ഇടപെടാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്.
2017 ജൂലൈ 25 നാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയത്. ശേഷം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദ്ധാനവുമായി വന്ന തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്‌പോര്‍ട്ട് പിടിച്ചുവച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.