
കൊച്ചി കച്ചേരിപ്പടി കസ്ബ പോലീസ് സ്റ്റേഷന് മുന്നിലെ ലിങ്ക് ഹെറിറ്റേജ് ഫ്ളാറ്റ്. രണ്ടാംനിലയിലെ മുറിക്ക് മുന്നിൽ കറുത്ത ബോർഡിൽ സ്വർണലിപികളാൽ ഒരു പേര് കൊത്തിവച്ചിട്ടുണ്ട്. ജെറി അമൽദേവ്. പതിറ്റാണ്ടുകൾക്കിപ്പുറവും മലയാളികളുടെ മനസിൽ സംഗീതത്തിന്റെ മധുരമഴ പെയ്യിക്കുന്ന മാന്ത്രികൻ. നിത്യയൗവനമാർന്ന ഈണങ്ങളുടെ ഗന്ധർവൻ. മഞ്ഞണിക്കൊമ്പിൽ താണിരുന്നാടുന്ന ഓലേഞ്ഞാലി കുരുവിയുടെ സ്വരം പോലെയും, കണ്ണാടിപ്പുഴയിൽ വിരിയുന്ന കുളിരല പോലെയുമൊക്കെയാണ് ജെറിയുടെ സംഗീതം. 80 കളിൽ തുടങ്ങി ഒന്നരപ്പതിറ്റാണ്ട് അത് യുവതയുടെ ഹൃദയരാഗങ്ങളിൽ പൂത്തുലയുന്ന പവിഴമല്ലിയായി. അക്ഷരങ്ങളെ സ്വരങ്ങളാൽ നൃത്തംചെയ്യിക്കുന്ന മെലഡിയുടേയും, ഹാർമണിയുടേയും ഒന്നാന്തരം സമ്മിശ്രണം. കർണ്ണാടക രാഗത്തിലും ഹിന്ദുസ്ഥാനിയിലുമൊക്കെ പാശ്ചാത്യ സംഗീതത്തിന്റെ മഞ്ഞുതുള്ളികൾ വീഴ്‌ത്തിയ ഗാനങ്ങൾ മലയാളികൾ മൂളിനടന്നു. സിനിമയുടെ രാഷ്ട്രീയത്തിൽ നിന്നും ബോധപൂർവ്വം മാറിനിന്നു ജെറി അമൽദേവ് സിനിമാലോകം നൽകിയ നന്ദികേടുകളോട് മൗനം കൊണ്ട് മാത്രം മറുപടി നൽകി. നഗരത്തിന്റെ തിരക്കറിയാതെ ഏകാന്തതയുടെ മതിലറകൾക്കുള്ളിൽ ജെറി ഇരിക്കുന്നു. ഈണങ്ങൾ മാത്രം മനനം ചെയ്‌ത്, പ്രിയ പിയാനോയിൽ വിരലോടിച്ച് സംസാരിച്ചു തുടങ്ങി.
ഋഷിതുല്യമായൊരു നിസംഗതയുണ്ട് അങ്ങയുടെ മുഖത്ത്. അളവറ്റ ആഹ്ലാദമോ, അമിത വിഷാദമോ കാണാനില്ല. ഇതിനിടയിൽ എപ്പോഴാണ് ഈ മധുര സംഗീതം പിറക്കുന്നത്?
ഭഗവദ്ഗീതയിൽ പറയുന്നുണ്ട് തുടക്കവും ഒടുക്കവും അറിയില്ല. പിന്നെന്താണ് നടുക്കുള്ള കാര്യത്തെപ്പറ്റി വേവലാതിപ്പെടുന്നത്. അതുകൊണ്ട് നിസംഗത എന്റെ സ്ഥായീഭാവമാണ്. പിന്നെ എന്റെ പ്രായത്തിന്റേതായ താടിയും മുടിയും കാണുമ്പോൾ നിങ്ങളുടെ തോന്നൽ ഇരട്ടിച്ചേക്കാം.
1939 ൽ പി.സി. ജോസഫിന്റെയും മേരിയമ്മയുടെയും മകനായി പിറന്നു. പള്ളിപ്പാട്ടുകൾ കേട്ട് വളർന്നു. ഇപ്പോഴും ചിലർ പറയുന്നുണ്ട്. അങ്ങയുടെ പാട്ടിൽ പള്ളിപ്പാട്ടിന്റെ പ്രേതമുണ്ടെന്ന്. എന്താണ് പറയാനുള്ളത്?
പാശ്ചാത്യസംഗീതം ഹാർമണിയിൽ അടിസ്ഥാനപ്പെടുത്തിയതാണ്. അതിൽ ഒരേസമയം വിവിധ സ്വരങ്ങൾ വരുന്നുണ്ട്. മാർത്തോമ്മക്കാരും സി.എസ്.ഐ ക്കാരും അങ്ങനെ പാട്ടിൽ മുഴുവൻ ഹാർമണി ചേർക്കുന്നവരാണ്. അമേരിക്കയിലെ എന്റെ പഠനം അത്തരം ഹാർമണിയോട് എനിക്ക് സ്‌നേഹം തോന്നാൻ കാരണമായി. സലിൽ ചൗധരിയൊക്കെ അങ്ങനെ ചെയ്‌തിട്ടുണ്ട്. പക്ഷേ എന്റേതും സലിലിന്റേതും രണ്ടുതരം ഈണങ്ങളാണ്. മെലഡിയിൽ ഇത്തരം ഹാർമണി സന്നിവേശിപ്പിക്കുമ്പോൾ ചിലർക്ക് അങ്ങനെയൊക്കെ തോന്നിയേക്കാം.
എറണാകുളത്ത് അന്ന് രണ്ട് ഗായകരെ ഉണ്ടായിരുന്നുള്ളു. ജെറി അമൽദേവും യേശുദാസും. ഇടയ്‌ക്ക് യേശുദാസുമായി പിണങ്ങി അകലേണ്ടി വന്നു. എന്തായിരുന്നു സംഭവിച്ചത്?
പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച സംഭവമാണത്. ഒരു മാഗസിന് ഞാൻ നൽകിയ അഭിമുഖത്തിൽ റൊമാന്റിക് പാട്ടുകളിൽ ഒരു എലമെന്റ് ഓഫ് ഫെമിനിസം ഉണ്ടെന്ന് പറഞ്ഞിരുന്നു. അത് യേശുവിന്റെ പാട്ടിൽ കാണാം എന്നേ ഉദ്ദേശിച്ചുള്ളു. അഭിമുഖം വലിയ സ്റ്റാൻഡേർഡ് ഇംഗ്ലീഷിലായിരുന്നു. അതെന്തായാലും യേശുദാസ് വായിച്ചിരിക്കാൻ വഴിയില്ല. യശുദാസിന്റെ ശബ്‌ദം പെണ്ണിന്റേതാണെന്ന് ഞാൻ പറഞ്ഞതായി ആരോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു. ഞാൻ പിന്നീട് അദ്ദേഹത്തെ ഫോണിൽ വിളിച്ചു. പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. തെറ്റിദ്ധരിച്ചെങ്കിൽ ഒരു മില്യൻ ചാൻസ് ക്ഷമിക്കണമെന്ന് പറഞ്ഞു. അദ്ദേഹം അത് ചെവിക്കൊണ്ടില്ല. ഇനി പാടില്ല എന്ന് പറഞ്ഞുപോയി. പിന്നീട് നവോദയയുടെ പടത്തിൽ വീണ്ടും ഒരുമിച്ചു. ഇപ്പോഴും എന്റെ ബഹുഭൂരിപക്ഷം പാട്ടുകളും പാടിയിരിക്കുന്നത് യേശുദാസ് തന്നെ.
അങ്ങനെയെങ്കിൽ തന്റേടമുള്ളൊരു പുരുഷശബ്‌ദം ആരുടേതാണ്. റാഫിയുടേതാണെന്ന് അങ്ങ് പറഞ്ഞതായി കേട്ടിട്ടുണ്ട്?
ഏയ് അങ്ങനെയൊന്നുമില്ല. റാഫിക്ക് വീര രസസ്വരമാണ്. ഹൈ പിച്ചാണ്. യേശുദാസിന്റേത് ഹൈ പിച്ചും, ലോ പിച്ചുമുണ്ട്. അവിടെയും പോകും, ഇവിടെയും പോകും. എന്നുവച്ച് യേശുദാസ് മാത്രമാണ് മികച്ച ഗായകനെന്ന് അഭിപ്രായമില്ല. അമേരിക്കയിൽ നിരവധി ഗായകരെ ഞാൻ കണ്ടിട്ടുണ്ട്. അവരുമായി യേശുദാസിനെ താരതമ്യം ചെയ്യുവാൻ കഴിയുകയേയില്ല. എന്നാൽ ഇവിടെ യേശുദാസ് മികച്ച ഗായകൻ തന്നെയാണ്.
ഞാൻ തോറ്റാലും സംഗീതം തോൽക്കാൻ പാടില്ല. ശ്രുതിശുദ്ധമാകണം തുടങ്ങി അങ്ങയുടെ വ്യക്തപരമായ ചില നിഷ്ഠകൾ സംഗീത ലോകത്തിന് ഇഷ്ടപ്പെടുന്നില്ല എന്നത് ശരിയാണോ?
അടിയും കോലാഹലവുമാണോ പാട്ടിൽ വേണ്ടത്. ഉച്ചാരണവും ശ്രുതിശുദ്ധതയുമൊക്കെ പാട്ടിൽ വേണ്ടതല്ലേ. നമ്മൾ വർത്തമാനം പറയുമ്പോൾ കേൾക്കുന്നവർക്ക് മനസിലാവുക കൂടി വേണമല്ലോ. ഒരു ഹ്യൂമൻ ഇമോഷൻ കൂടി വേണ്ടേ പാട്ടിന്. ഹൃദയത്തിൽ നിന്ന് വരേണ്ടതല്ലേ സംഗീതം.
പാട്ടിൽ കാതടിപ്പിക്കുന്ന ശബ്‌ദഘോഷം അവർ പ്രതീക്ഷിക്കുന്നു. ബഹളമയമല്ലാത്ത മെലഡി വേണമെന്ന് അവർ പറയുന്നില്ല. അന്ന് മഞ്ഞിൽവിരിഞ്ഞ പൂക്കൾ. ഇന്ന് പനിനീർപ്പൂക്കൾ. അങ്ങനെ തന്നെ വേണം എന്ന് ദുശ്ശാഠ്യം പിടിക്കാമോ?
അങ്ങനെ ഞാൻ പറയുന്നില്ലല്ലോ. ഓരോ പാട്ടിനും സന്ദർഭത്തിനനുസരിച്ച് പ്രാധാന്യമുണ്ട്. ശബ്‌ദം മാത്രമല്ല ഭാവം കൂടി വേണം. എങ്കിലേ നിലനിൽക്കു. ചാടുകയും ചാടിക്കുകയും ചെയ്യുന്ന പാട്ടുകൾ ഞാനും ചെയ്തിട്ടുണ്ട്. പക്ഷേ ഉച്ചാരണവും, ശ്രുതിശുദ്ധിയുമൊന്നും കളയില്ല.
ബിച്ചുവിന്റെ ഒരു മൂളലും ചങ്ങമ്പുഴയുടെ ശ്യാമളയും ചേർന്നതാണ് അങ്ങയുടെ ആയിരം കണ്ണുമായി എന്ന ഗാനം. ഗാനം പിറന്ന കഥ പറയാമോ?
ആലപ്പുഴ ബ്രദേഴ്സ് ഹോട്ടലിലാണ് സംഭവം. എന്നെയും, ബിച്ചു തിരുമലയേയും ഫാസിൽ അവിടെ പിടിച്ചിരുത്തി. മുറിയിലാകെ കള്ളിന്റെയും, സിഗരറ്റിന്റെയും മണം മാത്രം. പാട്ടിൽ ഒരു നൊസ്റ്റാൾജിയ വേണമെന്ന് ഫാസിൽ പറഞ്ഞിട്ട് പോയി. ബിച്ചു തമാശയ്ക്ക് ചോദിച്ചു. നൊസ്റ്റാൾജിയ എന്ന രാഗമുണ്ടോ? ഞാൻ ചിരിച്ചു. അങ്ങനെ നോക്കുമ്പോൾ മേശപ്പുറത്ത് ഒരു തടിച്ച പുസ്തകം കിടക്കുന്നു. ചങ്ങമ്പുഴയുടെ പുസ്തകമാണെന്ന് മറിച്ചു നോക്കിയപ്പോൾ ബിച്ചുവിന് മനസ്സിലായി. ബിച്ചു അത് വായിച്ചു. ശ്യാമളേ... ശ്യാമളേ... എന്നൊരു കവിത അതിലുണ്ട്. നമുക്ക് അതിന്റെ പുറകിൽ പോയാലോ എന്ന് ബിച്ചു ചോദിച്ചു. അങ്ങനെ ശ്യാമളേ... ശ്യാമളേ... എന്ന് പാടിപ്പാടിയാണ് ആയിരം കണ്ണുമായി പിറക്കുന്നത്.
മഞ്ഞണിക്കൊമ്പിലിന്റെ കഥ എങ്ങനെയാണ്?
ജീപ്പ് ഓടിച്ചു പോകുമ്പോൾ പിറകിൽ നിന്നൊരു പെൺകുട്ടി വിളിക്കുന്നതു പോലെ തോന്നണം എന്നാണ് ഫാസിലും, ജിജോയും ആവശ്യപ്പെട്ടത്. അപ്പോൾ ഞാൻ ജിജോയോട് ചോദിച്ചു എങ്ങനത്തെ വിളിയാണ് വേണ്ടത്. മുക്കൂറ്റിപ്പൂവേ എന്ന് മതിയോ. അതോ ശംഭോ ശിവ ശംഭോ എന്ന് വേണോ. മുക്കുറ്റിപ്പൂവേ മതിയെന്ന് ജിജോ സമ്മതിച്ചു. ബിച്ചു മുക്കുറ്റിപ്പൂവേ മാറ്റി മഞ്ഞണിക്കൊമ്പിൽ ആക്കി.
സിനിമ ഹിറ്റാകുന്നതോടൊപ്പം അതിലെ എല്ലാ പാട്ടുകളും ഹിറ്റാകുന്നത് ഒരു സംഗീത സംവിധായകന് ലഭിക്കാവുന്ന അപൂർവ ഭാഗ്യമല്ലേ?
സിനിമയും പാട്ടുകളും ഒരുമിച്ച് ഹിറ്റാകുന്നത് വലിയ ഭാഗ്യം തന്നെയാണ്. കാട്ടുപോത്ത് സിനിമയിൽ ഞാൻ ഈണം ഇട്ട് ഭാസ്‌ക്കരൻ മാസ്റ്റർ എഴുതിയ 'പൂവല്ല പൂന്തളിരല്ല' ഹിറ്റായ ഗാനമാണ്. പക്ഷേ സിനിമ പുറത്തിറങ്ങിയില്ല. തിരുവനന്തപുരത്ത് റെക്കോർഡ് ചെയ്താൽ മതിയെന്ന് ഭാസ്‌ക്കരൻമാഷ് പറഞ്ഞു. ഞാൻ പാട്ടുവാങ്ങിക്കാനായി ഭാസ്‌ക്കരൻ മാഷിന്റെ വീട്ടിൽ പോയി. പണ്ട് ഹിന്ദിപ്പാട്ടുകളുടെ ട്യൂണകളെ ആധാരമാക്കി മട്ടാഞ്ചേരിയിൽ നിന്ന് പുറത്തിറങ്ങുന്ന ദീപ്തി എന്ന പ്രസിദ്ധീകരണത്തിൽ ഭാസ്‌ക്കരൻ മാഷ് എഴുതിയിരുന്നത് വായിച്ച് അദ്ദേഹത്തിന്റെ ആരാധകനായിരുന്ന ആളാണ് ഞാൻ. പാട്ടി വാങ്ങാൻ വീട്ടിലെത്തിയപ്പോൾ അദ്ദേഹം ഒരു തോർത്തുമുടുത്തുകൊണ്ട് നിൽക്കുകയാണ്. ഒരു പേപ്പർ നിറയെ വെട്ടിത്തിരുത്തലുകളുമായി ഒരു കവിത. അതാണ് പൂവല്ല പൂന്തളിരല്ല പാട്ടായത്.
എഴുപത്തഞ്ചോളം ചിത്രങ്ങൾ, മുന്നൂറോളം പാട്ടുകൾ, അനശ്വരതയുടെ ആകാശങ്ങൾ കീഴടക്കിയ പാട്ടുകളുടെ സ്രഷ്ടാവിന് സിനിമാലോകം മറക്കാത്ത വേദനകളാണ് തന്നത്. അങ്ങയെ ഒഴിവാക്കി വിടാൻ പരമാവധി ശ്രമിച്ചു. അതിലൊക്കെ വിഷമമുണ്ടോ?
ഇല്ല. ഓരോരുത്തർക്കും ഓരോ സമയമുണ്ട്. അതിലാണ് വിശ്വാസം. ഞാൻ വേണ്ടെന്ന് തീരുമാനിച്ചാൽ ഞാൻ എന്തിനാണ് ചെന്ന് കയറുന്നത്. എന്നെ വേണ്ടവർ എന്നെ തേടിവരും. ഒറ്റ സിനിമ കൊണ്ട് എല്ലാവരേയും ബീറ്റ് ചെയ്തവനാണ് അവൻ എന്ന് ദേവരാജൻ മാഷ് പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ പലരുമുണ്ടെങ്കിലും ശുദ്ധഹൃദയമുള്ള സംഗീത സംവിധായകർ രണ്ടേ രണ്ടു പേർ മാത്രം. അതിലൊന്ന് ശ്യാമും, രണ്ട് ജെറിയുമാണ് എന്ന് ഗായിക ചിത്ര പറഞ്ഞിട്ടുണ്ട്. അതൊക്കെ എനിക്ക് കിട്ടിയ അനുഗ്രഹ വർഷങ്ങളാണ്.
നിശ്ശബ്ദത ആസ്വദിക്കാനാണ് ഒരു സംഗീത സംവിധായൻ പഠിക്കേണ്ടത് എന്ന് ദേവരാജൻ മാഷ് പറഞ്ഞിട്ടുണ്ട്. അതിനോട് യോജിക്കുന്നുണ്ടോ?
തീർച്ചയായും യോജിക്കുന്നുണ്ട്. 24 മണിക്കൂറും ബഹളം ആർക്കാണ് ഇഷ്ടം. ആ സൈലൻസ് ഉള്ളതുകൊണ്ടാണ് സംഗീതത്തിന് റിച്ച്‌നെസ്സ് ഉണ്ടാകുന്നത്. പൂക്കൾ പനിനീർ പൂക്കളിൽ അത് ഞാൻ ഉപയോഗിച്ചിട്ടുണ്ട്. രണ്ട് മണികളാണ് അതിന്റെ സംഗീതം. അതിനിടയിലാണ് സൈലൻസ്. അതാണ് ആസ്വദിക്കേണ്ടത്. എപ്പോഴും വെളിച്ചം കിടന്നാൽ നമ്മൾ ലൈറ്റ് അണച്ചു പോവില്ലേ.
പാട്ട് ചെയ്യണമെന്ന് പറഞ്ഞ് വന്ന സംവിധായകൻ എബ്രിഡ് ഷൈനെ മടക്കി അയച്ചത്?
നിങ്ങൾക്ക് വേണ്ട സംഗീതം എന്റെ കൈയിലില്ല എന്നാണ് ഞാൻ പറഞ്ഞത്. ചിത്രത്തിന്റെ പേര് 'ആക്ഷൻ ഹീറോ ബിജു" എന്നൊക്കെ കേട്ട് ഞാൻ പേടിച്ചു പോയി. ആടെന്നും, പെരുച്ചാഴിയെന്നും, എലിയെന്നും, പൂച്ചയെന്നുമൊക്കെയല്ലേ ഇപ്പോൾ സിനിമയ്ക്ക് പേരുകൾ. അപ്പോൾ പാട്ടും അങ്ങനെ വേണമല്ലോ. അത് എന്റെ കൈയിലില്ല. എന്നാണ് പറഞ്ഞത്.
അങ്ങേയ്‌ക്ക് എന്തുകൊണ്ടാണ് ശിഷ്യന്മാരില്ലാത്തത്?
സംഗീതം അങ്ങനെയാണ്. പരിചയസമ്പന്നരായ ആളുകളോടൊപ്പം പുതിയ ആളുകൾ വന്നുചേരുമ്പോഴാണ് പഠനമുണ്ടാകുന്നത്. എന്റെ പാട്ടുകൾ ഓർക്കസ്‌ട്രേഷൻ ചെയ്യാൻ വേറെയാരും വന്നാൽ ശരിയാകില്ല എന്നാണ് എന്റെ ധാരണ. എന്റെ കൊച്ചിന് എന്ത് ഉടുപ്പിടണമെന്ന് ഞാൻ തീരുമാനിക്കും. ഗുണസിങ്ങ് ഒക്കെ എനിക്ക് വേണ്ടി നല്ല ഓർക്കസ്‌ട്രേഷൻ ചെയ്ത ആളുകളാണ്. മഞ്ചാടിക്കുന്നിലും, മിഴിയോരവുമൊക്കെ ചെയ്തത് നാല്പതോളം കലാകാരന്മാരെ ഒരുമിച്ച് ചേർത്താണ്.
മിഴിയോരം ഒട്ടിച്ച് ചേർത്ത പാട്ടാണോ?
റെക്കോർഡ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ യേശുദാസ് ആദ്യം പാടി. പല്ലവിയും, ചരണവുമൊന്നും തുടക്കത്തിൽ നന്നായില്ല. ഉദ്ദേശിച്ച ഗുണനിലവാരത്തിലേക്കെത്തിയില്ല. വീണ്ടും രണ്ടാം തവണ പാടി മൂന്നാംതവണ എത്തിയപ്പോൾ റെക്കോർഡ് ചെയ്യുന്ന മെഷീൻ കത്തിപ്പോയി. ഞങ്ങളെല്ലാവരും തലയിൽ കൈവച്ചിരുന്നു. ജിജോ പറഞ്ഞു നല്ല നല്ല ഭാഗങ്ങളെടുത്ത് ചേർത്ത് ഒട്ടിക്കാൻ. ജാനകിയുടെ മിഴിയോരം ഒറ്റയടിക്ക് എടുത്തതാണ്. എന്നാൽ യേശുദാസിന്റേത് ഒട്ടിച്ചു ചേർത്ത പാട്ടാണ്.
സിനിമാലോകത്ത് കഴിവിനേക്കാൾ കൂടുതൽ കളമറിഞ്ഞ് കളിക്കാനുള്ള വിരുതും ഭാഗ്യവുമാണ് വേണ്ടതെന്ന് പറഞ്ഞാൽ അങ്ങ് യോജിക്കുമോ?
തീർച്ചയായും. പക്ഷേ കഴിവില്ലെങ്കിൽ ഒന്നും നടക്കില്ല. കഴിവു വേണം എന്ന് തന്നെയാണ് അഭിപ്രായം.
സിംഗ് ഇന്ത്യ വിത്ത് ജെറി അമൽദേവ് എന്ന പ്രസ്ഥാനത്തിൽ സജീവമാണല്ലോ ഇപ്പോൾ?
ആയിരം പേരെ പങ്കെടുപ്പിച്ച് കൊണ്ട് അമേരിക്കയിൽ ഓർക്കസ്ട്ര ഒക്കെ നടത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. സിംഫണി ഓർക്കസ്ട്രയിൽ മനുഷ്യശബ്ദത്തിന്റെ ഗാംഭീര്യം എന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഇവിടെ തുടങ്ങിയതാണ് സിംഗ് ഇന്ത്യ. പിന്നീട് എന്റെ കുറച്ച് ആരാധകർ ചേർന്ന് ജെറി അമൽദേവ് ഫൗണ്ടേഷൻ എന്നുകൂടി ആക്കി. എലിസബത്ത് കുര്യനും, ജോ ഗബ്രിയേലുമാണ് അതിന്റെ പ്രയോക്താക്കൾ.
പുതിയ സംഗീത സംവിധായകരിൽ ഇഷ്ടപ്പെടുന്നവർ ആരാണ്?
എം.ജയചന്ദ്രൻ, ദീപക് ദേവ് എന്നിവരെ ഇഷ്ടമാണ്.
ദക്ഷിണാമൂർത്തി സ്വാമി, ബാബുരാജ്, ഇവരൊക്കെ അരങ്ങു വാണിരുന്ന കാലത്ത് ഒരു പുതുമ കൊണ്ടുവന്ന അങ്ങ് ഒരു ടെക്‌നോ മ്യുസിഷനാണോ?
അല്ല. അങ്ങനെ നോക്കിയാൽ നല്ല ടെക്‌നോ മ്യുസിഷൻ എ.ആർ.റഹ്മാനാണ്. ഞാൻ പേപ്പറിൽ എഴുതി സ്റ്റുഡിയോയിൽ ചെയ്യുന്നയാളാണ്.
(ലേഖകന്റെ ഫോൺ നമ്പർ:9847111827)
ജെറി അമൽദേവിന്റെ പ്രശസ്‌തഗാനങ്ങൾ
ആയിരം കണ്ണുമായ് (നോക്കെത്താദൂരത്ത് കണ്ണുംനട്ട്, ബിച്ചുതിരുമല)
മിഴിയോരം നനഞ്ഞൊഴുകും (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ബിച്ചു തിരുമല)
ആളൊരുങ്ങി അരങ്ങൊരുങ്ങി (എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ബിച്ചുതിരുമല)
പൂവല്ല പൂന്തളിതല്ല (കാട്ടുപോത്ത്, പി.ഭാസ്‌ക്കരൻ)
ദേവദുന്ദുഭി സാന്ദ്രലയം (എന്നെന്നും കണ്ണേട്ടന്റെ, കൈതപ്രം)
വാചാലം എൻ മൗനവും നിൻ മൗനവും (കൂടുംതേടി, എം.ടി.രാജേന്ദ്രൻ)
പൂക്കൾ പനിനീർ പൂക്കൾ (ആക്ഷൻ ഹീറോ ബിജു, സന്തോഷ് വർമ്മ)
പെണ്ണിന്റെ ചെഞ്ചുണ്ടിൽ (ഗുരുജി ഒരു വാക്ക്, ബിച്ചു തിരുമല)
വാ കുരുവി ഇണപ്പൂങ്കുരുവി (പുന്നാരം ചൊല്ലിചൊല്ലി, ഒ.എൻ.വി.കുറുപ്പ്)
മേലേ മേലേ വാനം (നം. വൺ സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്, ഗിരീഷ് പുത്തഞ്ചേരി)