ideas2it

ചെന്നൈ: കമ്പനിയുടെ വളർച്ചയ്ക്കും വിജയത്തിനും പിന്നിൽ പ്രവർത്തിച്ച ജീവനക്കാർക്ക് നൂറ് കാറുകൾ സമ്മാനമായി നൽകി ഐടി കമ്പനി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡിയാസ് ടു ഐടി എന്ന കമ്പനിയാണ് തങ്ങളുടെ ലാഭവിഹിതത്തിൽ നിന്നും പത്ത് കോടി രൂപ മാറ്റിവച്ച് നൂറ് ജീവനക്കാർക്കായി 12 ലക്ഷം രൂപ വരെ വിലവരുന്ന മാരുതി സുസുക്കി കാറുകൾ സമ്മാനമായി നൽകിയത്.

പത്ത് വർഷത്തിലേറായി കമ്പനിയുടെ വളർച്ചയ്ക്കൊപ്പം നിന്ന ജീവനക്കാർക്കാണ് കാറുകൾ സമ്മാനമായി നൽകുന്നത്. 500 തൊഴിലാളികളാണ് നിലവിലുള്ളത്. തങ്ങൾക്ക് ലഭിച്ച സമ്പത്ത് ജീവനക്കാർക്ക് തിരികെ നൽകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഐഡിയാസ് ടു ഐടിയുടെ മാർക്കറ്റിംഗ് ഹെഡായ ഹരി സുബ്രഹ്മണ്യൻ പറഞ്ഞു.

കമ്പനിയുടെ ഉയർച്ചയ്ക്കായി ജീവനക്കാർ അഹോരാത്രം പണിയെടുത്തുവെന്നും കാറുകൾ സമ്മാനമായി നൽകിയതല്ല മറിച്ച് കഠിനാധ്വാനം കൊണ്ട് അവർ നേടിയെടുത്തതാണെന്നും കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ മുരളി വിവേകാനന്ദൻ പറഞ്ഞു. തങ്ങളുടെ കമ്പനി വിജയിക്കുകയാണെങ്കിൽ ലാഭം പങ്കുവയ്ക്കുമെന്ന് ഏഴെട്ടു വർഷങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നുവെന്നും ഭാവിയിൽ ഇതിലും വലിയ സമ്മാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആഘോഷവേളകളിൽ കമ്പനി സ്വർണ നാണയങ്ങൾ,ഐഫോൺ പോലുള്ള സമ്മാനങ്ങൾ നൽകാറുണ്ടെന്നും എന്നാൽ കാർ വലിയൊരു സമ്മാനമാണെന്നും ജീവനക്കാർ പ്രതികരിച്ചു. ചെന്നൈ ആസ്ഥാനമായുള്ള സാസ് എന്ന കമ്പനിയും തങ്ങളുടെ അഞ്ച് ജീവനക്കാർക്ക് ഒരു കോടി രൂപ വില വരുന്ന ബി എം ഡബ്ള്യൂ കാറുകൾ സമ്മാനമായി നൽകിയിരുന്നു.