v-t-belram

നിലവിലെ വൈദ്യുതി വകുപ്പ് മന്ത്രിയെയും കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വകുപ്പ് മന്ത്രിയെയും രൂക്ഷമായി വിമർശിച്ച് വി ടി ബൽറാം. കൊവിഡ് കാലം മുതൽ നാട്ടുകാർ അടയ്‌ക്കുന്നത് ഇരട്ടി കറന്റ് ബില്ലാണെന്നും എന്നിട്ടും കെഎസ്ഇബി നഷ്ടത്തിലാണ്.

സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കെ എസ് ഇ ബിയുടെ ഇപ്പോഴത്തെ അവസ്ഥയുടെ ഉത്തരവാദി നിലവിലെ വകുപ്പ് മന്ത്രി മാത്രമല്ലെന്നും വർഷങ്ങളായി ഈ വകുപ്പ് ഭരിച്ച കഴിവുകെട്ട വിടുവായനായ മന്ത്രി കൂടിയാണെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം. കെഎസ്ഇബിയുടെ സഞ്ചിത നഷ്ടം 14000 കോടി രൂപയാണെന്ന വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു ഫേസ്ബുക്കിൽ അദ്ദേഹം പ്രതികരിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കൊവിഡ് കാലം മുതൽ കറന്റ് ബില്ല് ഇരട്ടിയോളമായതായാണ് നാട്ടിൽ മിക്കവരുടേയും അനുഭവം. എന്നിട്ടും കെഎസ്ഇബി വൻ നഷ്ടത്തിലും സാമ്പത്തിക പ്രതിസന്ധിയിലുമാണത്രേ!

ഒരു വർഷമായി ഭരിക്കുന്ന ഇപ്പോഴത്തെ മന്ത്രി മാത്രമല്ല, അതിനുമുൻപ് വർഷങ്ങളോളം ഈ വകുപ്പ് ഭരിച്ച കഴിവുകെട്ട വിടുവായനായ മന്ത്രിയും ഈയവസ്ഥക്ക് ഉത്തരവാദിയാണ്. അയാളുടെ ഭരണകാലത്തേക്കുറിച്ച് നിറം പിടിപ്പിച്ച വർണ്ണനകളുമായി അന്ന് വാഴ്ത്തുപാട്ടുകൾ രചിച്ച പാർട്ടി അടിമകൾ ഇപ്പോൾ പുതിയ ക്യാപ്സ്യൂളുകളുമായി രംഗത്തിറങ്ങുമായിരിക്കും. കാത്തിരിക്കാം.