ottakomban-kaduva

ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് പൃഥ്വിരാജിന്റെ കടുവയും സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനും. പ്രമേയത്തിലെ സാമ്യത തന്നെയാണ് ഇരു ചിത്രങ്ങളുടെയും പ്രത്യേകത. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന വ്യക്തിയുടെ കഥയാണ് രണ്ടു ചിത്രങ്ങളും പറയുന്നത്.

കടുവയുടെ തിരക്കഥാകൃത്തിന്റെ പരാതിയിന്മേൽ കഴിഞ്ഞ രണ്ട് വർഷമായി കേസിൽ കുടുങ്ങിക്കിടക്കുകയാണ് ഒറ്റക്കൊമ്പൻ. ഇപ്പോഴിതാ ഒറ്റക്കൊമ്പനെ വിലക്കിയ ഹെെക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി അണിയറപ്രവർത്തകർ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരിയ്ക്കുകയാണ്.

കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നൽകിയ പകർപ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് ഒറ്റക്കൊമ്പന്റെ അണിയറപ്രവർത്തകർ കൊടുത്ത ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഒറ്റക്കൊമ്പൻ തന്റെ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ആരോപിച്ചാണ് തിരക്കഥാകൃത്ത് ജിനു പകർപ്പവകാശ കേസ് ഫയൽ ചെയ്‌തത്.

നിലവിലത്തെ സാഹചര്യത്തിൽ കേസിൽ ഇടപെടേണ്ടതില്ലെന്നാണ് സുപ്രീം കോടതിയുടെ തീരുമാനം. കേസിലെ വിചാരണ വേഗത്തിലാക്കാൻ വിചാരണക്കോടതിയ്ക്ക് സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വർഷത്തിനകം തീർപ്പാക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു.

ഒറ്റക്കൊമ്പന്റെ തിരക്കഥയുടെ നിർമാണ ജോലികളിൽ നിന്നും റിലീസ് ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കാനുമുള്ള ജില്ലാ കോടതിയുടെ ഉത്തരവ് 2021 ഏപ്രിലിൽ ഹൈക്കോടതി ശരിവച്ചിരുന്നു.

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കടുവയിൽ പൃഥ്വിരാജാണ് നായകൻ. കടുവയുടെ പ്രഖ്യാപനത്തിന് ശേഷമാണ് സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എത്തുന്നുവെന്ന വിവരം പുറത്തുവന്നത്. ഷിബിൻ തോമസ് കഥയും തിരക്കഥയുമെഴുതിയ ചിത്രത്തിന്റെ സംവിധാനം മാത്യൂസ് തോമസാണ്. നിർമാണം ടോമിച്ചൻ മുളകുപാടം.

പൃഥ്വിരാജിന്റെ കടുവയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്ന് നിർമിക്കുന്ന ചിത്രം ഈ വർഷം തന്നെ പുറത്തിറങ്ങും.