
തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍കുമാര്‍. വകുപ്പിനെക്കുറിച്ച് അറിയാത്ത മന്ത്രിയെന്തിന് ആ സ്ഥാനത്തിരിക്കുന്നെന്ന് ചോദിച്ച അദ്ദേഹം, അറിയില്ലെങ്കിൽ ഇട്ടിട്ട് പോകണമെന്നും പറഞ്ഞു.
കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ വൈദ്യുതി ഭവന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു സുനില്‍കുമാര്‍. സംസ്ഥാനത്ത് ചിറ്റൂർ ഒഴിച്ച് മറ്റ് എല്ലായിടത്തും കൊതുമ്പിന് കീഴെയാണ് കൊച്ചങ്ങ. എന്നാൽ അവിടെ മാത്രം കൊതുമ്പിന് മുകളിലാണോ കൊച്ചങ്ങ എന്ന് സംശയം എല്ലാവർക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"ആരാണ് മന്ത്രി, ആരാണ് ചെയർമാൻ? ചെയർമാൻ ബി ആശോകിനെ സസ്‌പെൻഡ് ചെയ്യാനുള്ള ആർജവം മന്ത്രി കാണിക്കണം. അശോകിന് മീഡിയ മാനിയയാണ്. കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി ജാസ്മിന്‍ ബാനുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ ചെയര്‍മാന്‍ പരാമര്‍ശം ശരിയാണോ തെറ്റാണോ എന്ന് പറയാനുള്ള ആര്‍ജവം മന്ത്രി കാണിക്കണം."- അദ്ദേഹം പറഞ്ഞു.